KeralaLatestThiruvananthapuram

പൊലീസുകാരൻ ഉൾപ്പെടെ 17 പേർക്കു കൂടി കോവിഡ് ; ആശങ്കയേറി

“Manju”

 

തിരുവനന്തപുരം • ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന ഗുരുതര സാഹചര്യം നിലനിൽക്കെ, സെക്രട്ടേറിയറ്റ് കവാടത്തിൽ ജോലി ചെയ്ത പൊലീസുകാരൻ ഉൾപ്പെടെ 17 പേർക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയാകെ ആശങ്കയുടെ മുൾമുനയിൽ. നന്ദാവനം എആർ ക്യാംപിലെ പൊലീസുകാരനു പുറമേ പൂന്തുറ, മണക്കാട്, പാറവിള സ്വദേശികളായ 3 പേർക്കു കൂടി കോർപറേഷൻ പരിധിയിൽ രോഗം സ്ഥിരീകരിച്ചു.

രണ്ടു ദിവസത്തിനിടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 5 പേരുടെ സമ്പർക്ക പട്ടിക വിപുലമായി. പൊലീസുകാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. പാളയം സാഫല്യം കോംപ്ലക്സിനു പുറമേ പാളയം മാർക്കറ്റും അടച്ചു. സാഫല്യം കോംപ്ലക്സ് സ്ഥാപനത്തിലെ ജീവനക്കാരനും വഞ്ചിയൂരിലെ ലോട്ടറി വിൽപനക്കാരനും അമ്പലത്തറ കുമരിച്ചന്തയിലെ മത്സ്യവിൽപനക്കാരനും രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല.

വിഎസ്എസ്‌സിയിൽ ജോലി ചെയ്യുന്ന 2 പേർക്കു രോഗം ബാധിച്ച സാഹചര്യത്തിൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നു വിഎസ്എസ്‌സിയിൽ ജോലിക്കെത്തുന്നവർക്കു കോവിഡ് പരിശോധന നിർബന്ധമാക്കും. പൂന്തുറ, വഞ്ചിയൂർ, പാളയം വാർഡുകളിലെ ചില പ്രദേശങ്ങളും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ വഴുതൂർ വാർഡും ബാലരാമപുരം പഞ്ചായത്തിലെ തളിയിൽ വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി.

Related Articles

Back to top button