KeralaLatest

ധീരജിന് കണ്ണീരോടെ വിട

“Manju”

കണ്ണൂര്‍: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് നാട് കണ്ണീരോടെ വിടചൊല്ലി.
ധീരജിന്റെ സഹോദരന്‍ അദ്വൈത് ചിതയ്ക്കു തീ കൊളുത്തി. മാതാപിതാക്കളായ പുഷ്കലയെയും രാജേന്ദ്രനെയും അനുജന്‍ അദ്വൈതിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലായിരുന്നു നേതാക്കളും പ്രവര്‍ത്തകരും. മന്ത്രിമാരായ എം വി ഗോവിന്ദന്‍, പി രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, ഇ പി ജയരാജന്‍ കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങി നിരവധി നേതാക്കള്‍ സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാത്രിയിലും വന്‍ ജനാവലി
സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ചിരുന്ന കോളേജിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഉച്ചയോടെ ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ട് പോയത്. രാത്രി 12.30ന് തളിപ്പറമ്പ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. ആയിരക്കണക്കിന് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇവിടെ ധീരജിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. ഇതിന് ശേഷം അന്തിമ കര്‍മങ്ങള്‍ ചെയ്യുന്നതിനായി വീട്ടിലെത്തിച്ച്‌ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.
ഇടുക്കിയില്‍ നിന്ന് തളിപ്പറമ്പ് വരെ വഴിനീളെ ആയിരക്കണക്കിനാളുകളും പാര്‍ട്ടി പ്രവര്‍ത്തകരും കാത്തുനിന്നു. പൊതുദര്‍ശനം നിശ്ചയിച്ചിരുന്ന ഓരോ കേന്ദ്രങ്ങളിലും ജനക്കൂട്ടം വിചാരിച്ചതിലും അതികമായി എത്തിയതോടെയാണ് അഞ്ച് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്‌കാരം രാത്രി വൈകാന്‍ കാരണം. വഴി നീളെ കാത്തുനിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് ധീരജിന് അന്തിമോപചാരം അര്‍പ്പിച്ചത്.
അതേസമയം ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിട്ടുള്ളത്. ഇടുക്കി ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധന നടത്തിയിരുന്നു.

തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിക്കും. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖില്‍ പൈലിയും ജെറിന്‍ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ധീരജ് കൊല്ലപ്പെട്ടത്.

Related Articles

Back to top button