International

ചൈനയിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നു

“Manju”

ബെയ്ജിംഗ് : ചൈനയിൽ കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. തെക്കൻ ചൈനയിലെ ഗുവാങ്ഷു നഗരത്തിലാണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ നിന്നുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി.

കഴിഞ്ഞ ദിവസം നഗരത്തിലെ 18 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെയാണ് ഗുവാങ്ഷുവിലെ ബയുൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്. 519 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ വിമാനത്താവളത്തിൽ നിന്നുള്ള 37 ശതമാനം വിമാന സർവ്വീസുകളും ഇനി ഉണ്ടാകില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ വിമാന സർവ്വീസുകൾ ഉള്ള വിമാനത്താവളമാണ് ബയുൻ.

വിമാന സർവ്വീസുകൾ നിർത്തിയതിന് പുറമേ നഗരങ്ങളിൽ യാത്രാ നിയന്ത്രണങ്ങളും അധികൃതർ കർശനമാക്കിയിട്ടുണ്ട്. ബസുകളിലും, മെട്രോകളിലും സഞ്ചരിക്കുന്ന യാത്രക്കാർക്ക് മൂന്ന് ദിവസം മുൻപുള്ള കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ആളുകളോട് വീടുകളിൽ തന്നെ കഴിയാനാണ് സർക്കാർ നിർദ്ദേശം.

ഇതുവരെ 91,099 പേർക്കാണ് ചൈനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 4,636 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button