KeralaLatest

ആലാപനത്തിൽ അതിശയിപ്പിച്ച് വീണ്ടും മംമ്‌ത

“Manju”

മംമ്ത മോഹൻദാസിനെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽബാഗ്. പ്രശാന്ത് മുരളിതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതും. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മനോഹര ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മംമ്തയുടെ ആലാപനം തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണവും.

റൂമാൽ അമ്പിളി എന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രാഹുൽ രാജാണ്. അജീഷ് ദാസനാണ് വരികൾ ഒരുക്കിയിരിക്കുന്നത്. മംമ്ത മോഹൻദാസും സിയ ഉൾ ഹഖും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബംഗളൂരുവിൽ നടക്കുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. സാറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മംമ്ത അവതരിപ്പിക്കുന്നത്. ഒരു ബർത്ത്ഡേ പാർട്ടിക്കിടെ ഉണ്ടാകുന്ന കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.

സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് ലാൽബാഗ് നിർമിക്കുന്നത്. മംമ്തയ്‌ക്കൊപ്പം സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മംമ്തയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തി ചിത്രമാണ് ‘ഫോറൻസിക്’. ടോവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മംമ്ത എത്തിയത്.

 

Related Articles

Back to top button