InternationalLatest

കൊറോണ വായുവിലൂടെ പകരാം; മുന്നറിയിപ്പുമായി ശാസ്‌ത്രജ്ഞര്‍; വിശ്വസനീയമല്ലെന്ന്‌ ഡബ്ല്യുഎച്ച്‌ഒ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂയോര്‍ക്ക് : കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ചെറിയ കണികപോലും­­­­ രോഗം പരത്തുമെന്ന് കണ്ടെത്തിയതായി 32 രാജ്യങ്ങളില്‍നിന്നുള്ള 239 ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്‌ഒ) എഴുതിയ കത്തില്‍ വ്യക്തമാക്കി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന തുള്ളികളിലൂടെ മാത്രമാണ് കോവിഡ് പകരുന്നതെന്നാണ് ഡബ്ല്യു­­എച്ച്‌ഒയുടെ നിഗമനം. ഇത് തിരുത്തണമെന്നാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. ചികിത്സയ്ക്കിടെ ഉണ്ടാകുന്ന, അഞ്ചു മൈക്രോണില്‍ താഴെയുള്ള തുള്ളികളിലൂടെയോ സ്രവകണികകളിലൂടെയോ മാത്രമേ വായുവിലൂടെ രോഗം പകരൂ എന്നാണ് ഡബ്ല്യുഎച്ച്‌ഒ ജൂണ്‍ 29ന് പറഞ്ഞിട്ടുള്ളത്.

എന്നാല്‍, മദ്യ–- ഭക്ഷണശാലകളും ജോലിസ്ഥലങ്ങളും ചന്തകളും ചൂതാട്ടകേന്ദ്രങ്ങളും കേന്ദ്രീകരിച്ച്‌ രോഗവ്യാപനമുണ്ടാകുന്നുണ്ട്. ഇത് അടച്ചിട്ട മുറികളില്‍ വായുവില്‍ വൈറസ് തങ്ങിനില്‍ക്കുന്നത് കൊണ്ടാകാം. അടച്ചിട്ട മുറികളില്‍ മാസ്ക് ധരിക്കാതെ ഇരുന്നാല്‍ രോഗവ്യാപനം വര്‍ധിക്കാമെന്നും സ്കൂളുകള്‍, നേഴ്സിങ് ഹോമുകള്‍, പാര്‍പ്പിടങ്ങള്‍, ബിസിനസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുകയോ, വായുസഞ്ചാരം കൂട്ടുകയോ വേണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കോവിഡ് വായുവിലൂടെ പകരുമെന്ന വാദം വിശ്വസനീയമല്ലെന്ന് ഡബ്ല്യുഎച്ച്‌ഒ രോഗ നിയന്ത്രണ സാങ്കേതിക മേധാവി ഡോ. ബെനഡെറ്റ അല്ലെഗ്രന്‍സി പറഞ്ഞു. ഈ സാധ്യത പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

വായുവിലൂടെ പകരില്ലെന്നതിനും തെളിവില്ലെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയിലെ പ്രാഥമികചികിത്സാ വിഭാഗത്തിലെ ഡോ. ട്രിഷ് ഗ്രീന്‍ഗാള്‍ഗ് പറഞ്ഞു. പുതിയ ശാസ്ത്രീയ തെളിവുകള്‍ കഴിയുന്നത്ര വേഗം വിലയിരുത്താന്‍ വിദഗ്ധര്‍ ശ്രമിക്കുകയാണെന്ന് ഡബ്ല്യുഎച്ച്‌ഒയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എല്ലാം പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്ഗധസമിതികള്‍ വിപുലമാക്കാന്‍ ശ്രമിക്കുന്നതായും അവര്‍ അറിയിച്ചു.

Related Articles

Back to top button