KeralaLatest

ഓണത്തിന് ഓഫറുകളുടെ പിന്നാലെ പോകുന്നതിന് മുന്‍പ് ശ്രദ്ധിക്കുക

“Manju”

തിരുവനന്തപുരം: ‘സിംഗപ്പൂരിലേക്ക് പത്ത് ദിവസത്തെ ടൂര്‍ പാക്കേജ് ഗിഫ്റ്റ് വൗച്ചര്‍, ഏറ്റവും പുതിയ വേര്‍ഷൻ ഐ ഫോണ്‍…” ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി ഇതൊക്കെ സ്വന്തമാക്കാം എന്നാണ് വാഗ്ദാനം.ഓണം ‘ആഘോഷമാക്കാൻ” ഇത്തരം ഓഫറുകളുമായാണ് ഓണ്‍ലൈൻ തട്ടിപ്പുസംഘം രംഗത്തെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് നിരവധി പേരാണ് ഉത്സവകാല തട്ടിപ്പുകളില്‍ വീഴുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളാണ് ഇരയായവരില്‍ കൂടുതലുമെന്ന് പൊലീസ് പറയുന്നു.

വാട്ട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും വരുന്ന ലിങ്കുകളാണ് പ്രധാന ചതിക്കുഴി. പ്രമുഖ കമ്ബനികളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ലിങ്കുകള്‍. അക്ഷരങ്ങളില്‍ ചെറിയവ്യത്യാസമുണ്ടാവും. ഓണവുമായി ബന്ധപ്പെട്ട സര്‍വേ ആണ് മറ്റൊന്ന്. 500 രൂപ രജിസ്ട്രേഷൻ ഫീസുമുണ്ടാകും. വാഗ്ദാനം 10 ലക്ഷം രൂപയും. രജിസ്ട്രേഷൻ ഫീസ് നഷ്ടമാകുന്നത് കൂടാതെ ബാങ്ക് ഡീറ്റെയില്‍സും ഹാക്കറിന് ലഭിക്കും.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. വീട്ടുപകരണങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ നല്‍കുന്ന ഡിസ്കൗണ്ട് തട്ടിപ്പുകളുമുണ്ട്. നാണക്കേടോര്‍ത്ത് പലരും ചതി പുറത്ത് പറയാറില്ല.

ലോണ്‍ തട്ടിപ്പ്
പാൻ കാര്‍ഡും ആധാറും ജാമ്യവും വേണ്ട. അക്കൗണ്ടില്‍ വായ്പാത്തുക എത്തും. ഓണം കുശാലാക്കാൻ വേറെന്ത് വേണം. പക്ഷേ, ദിവസങ്ങള്‍ക്കകം വൻതുക പലിശയും ചേര്‍ത്ത് തിരികെ ആവശ്യപ്പെട്ട് കാള്‍ വരും. നല്‍കിയില്ലെങ്കില്‍ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവരുടെ നമ്ബര്‍ എടുത്ത് തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞ് നാണം കെടുത്തുന്ന മെസേജുകള്‍ അയയ്ക്കും. കുടുംബശ്രീയില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ഇത്തരം തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍ പേരെന്ന് സൈബര്‍ പൊലീസ് പറയുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ മലയാളം കൈകാര്യം ചെയ്യാനറിയുന്ന റാക്കറ്റാണ് ഇതിന് പിന്നില്‍.

ശ്രദ്ധിക്കേണ്ടത്

  • സമൂഹമാദ്ധ്യമങ്ങളില്‍ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്.
  • ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക
  • ചതിയില്‍ പെട്ടാല്‍ ഉടൻ അറിയിക്കേണ്ട സൈബര്‍ ഹെല്‍പ്പ് ലൈൻ നമ്ബര്‍ 1930

Related Articles

Back to top button