InternationalLatest

കമല മോശം സ്ഥാനാർഥി; ഇന്ത്യക്കാരുടെ പിന്തുണ എനിക്ക്;ഡോണൾഡ് ട്രംപ്

“Manju”

വാഷിങ്ടൻ• ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ, യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ കമല ഹാരിസ് എന്നിവർക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമല ഹാരിസിനെക്കാൾ കൂടുതൽ ഇന്ത്യക്കാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട ട്രംപ്, കമല ഹാരിസ് മോശം സ്ഥാനാർഥിയാണെന്നും ജോ ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരാവില്ലെന്നും പറഞ്ഞു. ന്യൂയോർക്ക് പൊലീസ് ബനവലന്റ് അസോസിയേഷനിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

പൊലീസിനോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നയാളാണ് കമലയെന്നും പൊലീസിനെതിരെ യുഎസിൽ നടക്കുന്ന ആക്രമണങ്ങളുടെ സിരാകേന്ദ്രം ബൈഡനും കമല ഹാരിസുമാണെന്നും ട്രംപ് ആരോപിച്ചു. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് യുഎസിൽ ഉരുതിരഞ്ഞ പ്രത്യേക സാഹചര്യത്തെ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പരമാർശം.

ജോ ബൈഡന്റെ നയങ്ങൾ യുഎസിന് ഗുണകരമല്ലെന്നും ബൈഡൻ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ യുഎസ് തകരുമെന്നും ലോകത്തിനു മുന്നിൽ പരിഹസിക്കപ്പെടുമെന്നും വൈറ്റ്ഹൗസിൽ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു.

കോവിഡ് വ്യാപനത്തെ രാഷ്ട്രീയവത്കരിക്കുന്ന ബൈഡൻ ശാസ്ത്രീയ തെളിവുകൾക്കു മുന്നിൽ ഇടത് രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ജോ ബൈഡൻ പ്രസിഡന്റായാൽ ലോകം യുഎസിനെ നോക്കി ചിരിക്കുകയും മുതലെടുക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് വരുവാൻ പോകുന്നതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യൻ–ജമെക്കൻ വശജയായ കമല ഹാരിസിന് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിയമപരമായി സാധിക്കില്ലെന്ന വാദത്തെ കഴിഞ്ഞ ദിവസം ട്രംപ് പരസ്യമായി പിന്തുണച്ചിരുന്നു. അമേരിക്കന്‍ ഭരണഘടനാ വിദഗ്ധനായ അഭിഭാഷകന്റെ വാദത്തെ ട്രംപ് ഏറ്റുപിടിക്കുകയായിരുന്നു.

മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കെതിരെയും നേരത്തെ സമാനമായ ആരോപണം ഉയർന്നിരുന്നു. എന്നാൽ കമല യുഎസിലാണ് ജനിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾക്ക് നിയമപരമായ സാധുതയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യുഎസ് സെനറ്റിലെ ഏറ്റവും പ്രശ്നക്കാരിയായ സ്ത്രീയാണ് കമലയെന്നും അവരെ സ്ഥാനാർഥിയാക്കിയത് തന്നെ അതിശയിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു.

Related Articles

Back to top button