KeralaLatestMalappuram

 ഉറവിടമറിയാതെ ഇരുപത്തിയഞ്ചിലധികം പേർക്ക് കോവിഡ് ബാധിച്ച പൊന്നാനി താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

“Manju”

മലപ്പുറം: പൊന്നാനി താലൂക്കിലെ ഇരുപത്തി അഞ്ചിലധികം വ്യക്തികൾക്ക് ഉറവിടമറിയാത്ത കോറോണ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന മേഖലകളിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി CrPC 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാകലക്റ്റർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ പ്രദേശത്ത് കർശനമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന റിപ്പോർട്ട് പ്രകാരം താഴെപ്പറയുന്ന മാർഗ്ഗരേഖകൾ നിരോധനാജ്ഞാ ഉത്തരവിൽ പുറത്തിറക്കിയിട്ടുണ്ട്.
11.07.2020 മുതൽ ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ ഈ നിരോധനാജ്ഞ നിലവിലുണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

1. പൊന്നാനി താലൂക്ക് പരിധിയിൽ അവശ്യസാധനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല.
2. മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെയുള്ള യാത്രകൾ നിരോധിച്ചിരിക്കുന്നു.
3. പൊന്നാനി നഗരസഭാപരിധിയിൽ മത്സ്യമാംസാദികളുടെ വിതരണം പാടില്ല.
4. പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ, അറുപത്തഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, രോഗികൾ എന്നിവർ ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യാൻ പാടില്ല.
5. ജനങ്ങൾ മാസ്കുകൾ ധരിച്ചു മാത്രമേ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കാൻ പാടുള്ളൂ.
6. പൊന്നാനി താലൂക്കിനകത്ത് നാലുചക്ര-ടാക്സി വാഹനങ്ങളിൽ ഡ്രൈവർ അടക്കം പരമാവധി മൂന്നുപേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.
7. സ്കൂളുകൾ, കോളേജുകൾ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ക്ലാസുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ ടൂറുകൾ എന്നിവ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽ ഓൺലൈൻ ക്ലാസ്സുകൾ അനുവദനീയമാണ്.
8. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ എന്നിവിടങ്ങളിലെ ആരാധനകൾ, അന്നദാനചടങ്ങുകൾ എന്നിവ നിരോധിച്ചിരിക്കുന്നു.
9. വിവാഹ ചടങ്ങുകളിൽ കൃത്യമായ ശാരീരിക അകലം പാലിച്ചു കൊണ്ട് പരമാവധി ഇരുപത് പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
10. മരണാനന്തര ചടങ്ങുകളിൽ കൃത്യമായ ശാരീരിക അകലം പാലിച്ചു കൊണ്ട് പരമാവധി ഇരുപത് പേർക്ക് ചടങ്ങിൽ പങ്കെടുക്കാവുന്നതാണ്.
11. ആശുപത്രികളിൽ സന്ദർശകർ/ ബൈസ്റ്റാന്റർമാരായി ഒന്നിലധികം പേർ എത്തുന്നത് നിരോധിച്ചിരിക്കുന്നു.
12. എല്ലാ തരത്തിലുമുള്ള പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
13. പൊന്നാനി താലൂക്കിനകത്തെ വ്യാപാരസ്ഥാപനങ്ങളിൽ യാതൊരു കാരണവശാലും ശീതീകരണ സംവിധാനം (എയർ കണ്ടീഷണർ) ഉപയോഗിക്കുവാൻ പാടുള്ളതല്ല.
14. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും പാർക്കുകളിലേക്കും ബീച്ചുകളിലേക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
15. ജങ്കാർ സർവീസ്, ഫിഷിംഗ് ഹാർബർ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു.
16. ‘Break The Chain’ ഉറപ്പു വരുത്തുന്നതിനായി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്കയി സോപ്പും സാനിറ്റൈസറും പ്രവേശനകവാടത്തിൽ സജ്ജീകരിക്കേണ്ടതാണ്. സ്ഥാപനങ്ങളുടെ പുറത്ത് ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേക അടയാളങ്ങൾ (45 സെന്റിമീറ്റർ ഡയാമീറ്റർ സർക്കിൾ) നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
പി.വി.എസ്

Related Articles

Back to top button