KeralaLatest

ആശങ്ക തുടരുന്നു; ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ പത്ത് ലക്ഷം കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇത് വരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ പത്ത് ലക്ഷം കടന്നു. മഹാരാഷ്‌ട്ര, തമിഴ്നാട്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം 9,68,876 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിലവില്‍ 3,31,146 രോഗികളാണ് രാജ്യത്ത് ചികിത്സയിലുളളത്. 6,12,815 പേര്‍ രോഗമുക്തി നേടി.അതേസമയം 24,915 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് മുംബയിലാണ്. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ വകുപ്പുകളിലായ് മാത്രം കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 8641 പുതിയ കേസുകളാണ് മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനത്തുളളത് തമിഴ്നാടാണ്. 46,714 രോഗികളാണ് ഇവിടെ ചികിത്സയിലുളളത്. അതേസമയം ഉത്തര്‍ പ്രദേശില്‍ 24 മണിക്കൂറിനുളളില്‍ 2061 പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 43,444 പേരാണ് ഇവിടെ ചികിത്സയിലുളളത്. ആന്ധ്രയില്‍ 2593 കേസുകളും പശ്ചിമ ബംഗാളില്‍ 1690 കേസുകളും ഡല്‍ഹിയില്‍ 1652 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 919 കേസുകളും ബീഹാറില്‍ 1385 കേസുകളും ജമ്മു കശ്മീരില്‍ 493 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.പഞ്ചാബില്‍ പുതിയ 298 കേസുകളും , പുതുച്ചേരി 147, ഒഡീഷ 494, അരുണാചല്‍ പ്രദേശ് 29, ഹിമാചല്‍ പ്രദേശ് 13, രാജസ്ഥാന്‍ 737, ഗോവ 157, ഉത്തരാഖണ്ഡ് 199, ചണ്ഡിഗഢ് 16 , മധ്യപ്രദേശ് 735 എന്നിങ്ങനെയാണ് പുതിയ കേസുകള്‍.

നിലവില്‍ കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ, 35,33,317 പേര്‍ക്ക് രോഗം ബാധിച്ച യുഎസ് ആണ് മുന്നില്‍ , രണ്ടാമത് 19,66,748 കേസുകള്‍ സ്ഥിരീകരിച്ച ബ്രസീലാണുളളത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.

Related Articles

Back to top button