Uncategorized

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സിക്കാനായി കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങി. തിരുവനന്തപുരത്ത് 13 ട്രീറ്റ്മെന്റ് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ആയിരത്തിലധികം കിടക്കകളാണ് എല്ലായിടത്തുമായി ഒരുക്കിയിട്ടുള്ളത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും ചേര്‍ന്നുള്ള കോംപ്ലക്സിലും ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമാണ് ട്രീറ്റ്‌മെന്റ് സെന്റര്‍.

മന്ത്രിമാരായ കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ.ശ്രീകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ അനു എസ്.നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രീത, എന്‍.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവര്‍ സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തി.

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷന്‍ സെന്ററിനെയാണ് കൊവിഡ് ഫസ്‌റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയിരിക്കുന്നത്. ഇതുപോലെ ഗ്രാമപ്രദേശങ്ങളില്‍ ഓരോ പഞ്ചായത്തിലും ഓരോ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും സ്ഥാപിക്കും. നൂറു കിടക്കകള്‍ വരെയുള്ള സെന്ററുകള്‍ ആരംഭിക്കാന്‍ 25 ലക്ഷം രൂപയും നൂറിനും ഇരുന്നൂറിനും ഇടയ്ക്കുള്ള സെന്ററുകള്‍ക്ക് 40 ലക്ഷവും 200 കിടക്കകള്‍ക്ക് മുകളിലുള്ള സെന്ററുകള്‍ക്ക് 60 ലക്ഷം രൂപയുമാണ് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അനുവദിച്ചിട്ടുള്ളത്.

അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സെന്ററില്‍ 750 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് പുറമെ നഴ്സിംഗ് സ്റ്റാഫ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ലഭിക്കും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടാകും. ചികിത്സയ്ക്ക് പുറമെ സ്രവം ശേഖരിക്കാനുള്ള സൗകര്യവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button