മുല്ലപ്പെരിയാര്‍: ഹര്‍ജി സുപ്രീംകോടതി 24നു പരിഗണിക്കും
സിന്ധുമോള്‍ ആര്
ന്യൂഡല്‍ഹി: മണ്‍സൂണ്‍ ശക്തമാകുന്ന ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയാക്കി താഴ്ത്തണമെന്ന ഹര്‍ജി 24ന് സുപ്രീംകോടതി പരിഗണിക്കും. ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ റസല്‍ ജോയിയാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിക്കുന്നതിനെ തമിഴ്നാട് എതിര്‍ത്തു. എന്നാല്‍, ഹര്‍ജി പരിഗണിക്കുമെന്നു വ്യക്തമാക്കിയ ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്, കേരളം ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്നു വ്യക്തമാക്കി. 2020 ജനുവരി ഒന്നിനും മേയ് 30നും ഇടയില്‍ 62 ഭൂചലനങ്ങളാണ് മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായിട്ടുള്ളതെന്നും അതിനാല്‍ വലിയ ഭീതിയാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളതെന്നും ഹര്ജിക്കാരന് വാദിച്ചു.
മഴക്കാലം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് 2018ലും റസല്‍ ജോയി ഹര്‍ജി നല്‍കിയിരുന്നു. ഇതു പരിഗണിച്ച് അണക്കെട്ടിലെ ജലനിരപ്പ് 139.9 അടിയാക്കി കുറയ്ക്കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയോടൊപ്പം പുതിയ അപേക്ഷയും പരിഗണിക്കാമെന്നാണ് ഇന്നലെ കോടതി വ്യക്തമാക്കിയത്. തീര്‍പ്പാക്കിയ വിഷയത്തില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നതിനെ തമിഴ്നാട് സര്‍ക്കാരിന്റെ അഭിഭാഷകന് എതിര്‍ത്തു. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമതീര്പ്പുണ്ടായിട്ടില്ലെന്നു ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകനായ വില്‍സ് മാത്യൂസ് ചൂണ്ടിക്കാട്ടി.