InternationalLatest

ഹജ്ജ് കർമങ്ങൾ അവസാന ഘട്ടത്തിലേക്ക്

“Manju”

ഹജ്ജ് കർമങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇന്നും നാളെയും തീർഥാടകർ മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കും. ഇന്ന് മുതൽ മൂന്ന് ജംറകളിലും കല്ലേറ് കർമം നടക്കും.
അയ്യാമുത്തശ്രീഖ് അഥവാ പൗർണമി ദിനങ്ങൾ എന്നാണ് ഇനിയുള്ള മൂന്ന് ദിവസം അറിയപ്പെടുന്നത്. ഈ ദിവസങ്ങളിൽ തീർഥാടകർ മിനായിൽ താമസിച്ച് മൂന്ന് ജംറകളിലും കല്ലേറ് കർമം നിർവഹിക്കുന്നതാണ് ഹജ്ജിന്റെ ശ്രേഷ്ഠമായ രീതി. ഇതിൽ രണ്ട് ദിവസം മാത്രം കല്ലേറ് കർമം നിർവഹിച്ച് ഹജ്ജ് കർമങ്ങൾ അവസാനിപ്പിക്കാനും അനുമതിയുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇന്നും നാളെയും കല്ലേറ് കർമം നിർവഹിച്ച് തീർഥാടകർ മിനായിൽ നിന്ന് മടങ്ങുമെന്നാണ് സൂചന. തീർഥാടകരെല്ലാം മിനായിൽ ജംറയ്ക്ക് സമീപമുള്ള മിനാ ടവറുകളിൽ ആണ് താമസിക്കുന്നത്. ഉച്ചയ്ക്ക് ശേഷം തീർഥാടകർ മൂന്ന് ജംറകളിലും കല്ലേറ് കർമം നിർവഹിക്കും.

യഥാക്രമം ജംറത്തുൽ ഊല, ജംറത്തുൽ വുസ്ത, ജംറത്തുൽ അഖബ എന്നിവയിൽ ഏഴ് വീതം കല്ലുകളാണ് എറിയുന്നത്. ചെകുത്താന്റെ പ്രതീകങ്ങളാണ് മിനായിലെ ജംറകൾ. പ്രവാചകൻ ഇബ്രാഹീം നബി ദൈവ കൽപന പ്രകാരം മിനായിൽ വെച്ചു സ്വന്തം മകനെ ബലി നൽകാൻ തുനിഞ്ഞപ്പോൾ ദുർബോധനവുമായി എത്തിയ ചെകുത്താനെ എറിഞ്ഞോടിച്ചതാണ് കല്ലേറ് കർമത്തിന്റെ പിന്നാമ്പുറ ചരിത്രം. മകന് പകരം പിന്നീട് ദൈവ കൽപന പ്രകാരം ആടിനെയാണ് ബലി നൽകിയത്. ഇതിനെ സ്മരിച്ചു കൊണ്ടാണ് ബലി പെരുന്നാൾ ദിനത്തിൽ മുസ്ലിംങ്ങൾ ബലി നൽകുന്നത്.

Related Articles

Back to top button