Latest

കോവിഡ് ഭേദമായവര്‍ക്ക് മുടി കൊഴിച്ചിലും ചര്‍മ്മരോഗങ്ങളും

“Manju”

രണ്ട് മാസത്തെ കനത്ത രോഗ വ്യാപനത്തിന് ശേഷം കോവിഡ് രണ്ടാം തരംഗം ക്രമേണ കുറയുന്നു. ദിവസേനയുള്ള കേസുകള്‍ ഇപ്പോള്‍ ഒരു ലക്ഷത്തിന് താഴെയെത്തി. എന്നാല്‍ കോവിഡ് ബാധിച്ച്‌ പ്രതിദിനം രണ്ടായിരത്തിലധികം ആളുകള്‍ മരിക്കുന്നുണ്ട്. രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത്, ഇന്ത്യ പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകളും 4,500 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ കോവിഡ് മുക്തരായവരില്‍ അസാധാരണമായ ചില ആരോഗ്യ പ്രശ്നങ്ങള്‍ കൂടി കണ്ടുവരുന്നുണ്ട്. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഹെര്‍പ്പസ്, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നത്. രോഗപ്രതിരോധ ശേഷിയിലെ ചില മാറ്റങ്ങള്‍ കാരണം സുഖം പ്രാപിച്ച ചില രോഗികള്‍ക്ക് ഹെര്‍പ്പസ് ബാധയുണ്ടെന്ന് ഡല്‍ഹിയിലെ അപ്പോളോ ഹോസ്പിറ്റലിലെ ചര്‍മ്മരോഗവിദഗ്ദ്ധന്‍ ഡോ. ഡി.എം മഹാജന്‍ പറഞ്ഞു. അതേസമയം, കോവിഡ് രോഗികള്‍ക്കിടയില്‍ മുടിയും നഖവുമായി ബന്ധപ്പെട്ട രോഗങ്ങളും പ്രകടമാകുന്നുണ്ടെന്നും ഇത് അവരുടെ പ്രതിരോധശേഷി ദുര്‍ബലമായതിനാലാണെന്നും ഡെര്‍മറ്റോളജിസ്റ്റും ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് സര്‍ജനുമായ ഡോ. സോനാലി കോഹ്‌ലി വെളിപ്പെടുത്തി.

കോവിഡ് -19 ല്‍ നിന്ന് കരകയറിയ നിരവധി പേര്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചിലരുടെ നഖങ്ങള്‍ തവിട്ടു നിറമാകുന്നുണ്ട്. കോവിഡിന് ശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഡോക്ടര്‍മാരെ സമീപിക്കണമെന്നാണ് വിദഗ്ദ്ധരുടെ നിര്‍ദ്ദേശം. മാത്രമല്ല, കോവിഡ് -19 ന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റ് ബാധിച്ചവരില്‍ ശ്രവണ വൈകല്യത്തിനും രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്കും വരെ കാരണമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു. മുംബൈ ആസ്ഥാനമായുള്ള കാര്‍ഡിയോളജിസ്റ്റ് ഗണേഷ് മനുധാനെ ഇത്തരം ഗുരുതരമായ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നത് ഡെല്‍റ്റ വേരിയന്റിന്റെ ഫലമാണെന്ന് സംശയിക്കുന്നതായി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്നത്. മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്ന് കഴിഞ്ഞ ദിവസം എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു. പുതിയ കോവിഡ് വകഭേദമോ പഴയ കോവിഡ് വകഭേദമോ കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന് കാണിക്കുന്നില്ലെന്നാണ് ഗുലേറിയ വ്യക്തമാക്കിയത്. എന്നാല്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും അനുബന്ധ രോഗമുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യശേഷിയുള്ള കുട്ടികള്‍ ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ പതിനഞ്ച് ദിവസമായി കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button