KeralaLatest

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

“Manju”

പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തയായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. നാളെ മുതല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9 ജില്ലകളില്‍ വീതവും ശനിയാഴ്ച്ച പത്ത് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലയോര മേഖലകളില്‍ മഴ കനക്കുന്നു. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം പലയിടങ്ങളിലും തകരാറിലായി. കല്ലാര്‍കുട്ടി, പ്ലാംബ ഡാമുകളുടെ അഞ്ചു ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ കല്ലാര്‍കുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.ശക്തമായ മഴയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ ഭവാനിപ്പുഴ കരകവിഞ്ഞൊഴുകിയതോടെതാവളത്തു നിന്ന് മുള്ളിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്

Related Articles

Back to top button