IndiaLatest

പ്രളയ സാഹചര്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി

“Manju”

പ്രളയ സാഹചര്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി
തെക്കുപടിഞ്ഞാറൻ കാലവർഷം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും നിലവിലെ പ്രളയ സാഹചര്യവും വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഇന്ന്, അസം, ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആയി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ആരോഗ്യം എന്നീ വകുപ്പ് മന്ത്രിമാരും ആഭ്യന്തര വകുപ്പ് സഹ മന്ത്രിമാരും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പ്രളയ മുന്നറിയിപ്പ് നൽകുന്നതിനും കാലാവസ്ഥാപ്രവചനം കാര്യക്ഷമമാക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപനത്തോടെ സ്ഥിരം സംവിധാനം വേണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്ര കാലാവസ്ഥാ വകുപ്പും കേന്ദ്ര ജല കമ്മിഷനും രാജ്യത്തെ പ്രളയ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിന് സംയോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈ ഏജൻസികൾ, മഴ, നദികളിലെ ജലനിരപ്പിൽ ഉയർച്ച, എന്നിവ മുൻകൂട്ടി പറയുക മാത്രമല്ല പ്രളയസാധ്യതയുള്ള പ്രദേശങ്ങളെ കണ്ടെത്തി മുന്നറിയിപ്പ് നൽകാനുള്ള ശ്രമത്തിലുമാണ്. നിർമ്മിത ബുദ്ധി പോലെയുള്ള നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ പ്രളയ സാധ്യതാ പ്രദേശങ്ങൾ മുൻകൂട്ടി നിർണയിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. ഇതിന് ആവശ്യമായ വിവരങ്ങൾ സംസ്ഥാനങ്ങൾ, ഏജൻസികൾക്ക് നൽകണമെന്നും കൂടാതെ സംസ്ഥാനങ്ങൾ, മുന്നറിയിപ്പ് പ്രദേശവാസികൾക്ക് യഥാസമയം കൈമാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക മുന്നറിയിപ്പ് സംവിധാനങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതോടെ നദിയുടെ കരയിടിച്ചിൽ, പ്രളയം, ഇടിമിന്നൽ എന്നീ ഭീഷണി ഉയർത്തുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ പ്രദേശവാസികൾക്ക് യഥാസമയം മുന്നറിയിപ്പ് നൽകാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർ മുഖാവരണം, സാനിറ്റൈസറുകൾ, കൃത്യമായ ശാരീരിക അകലം എന്നിവ പാലിക്കുന്നുണ്ടെന്ന് അതത് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും ശ്രീ മോദി ആവശ്യപ്പെട്ടു. ദുരിതാശ്വാസ സാമഗ്രികളിൽ കൈ കഴുകാനുള്ള സോപ്പ്, സാനിറ്റൈസർ, ഫേസ് മാസ്ക് എന്നിവ ഉൾപ്പെടുത്തണം
മുതിർന്നവർ, ഗർഭിണികൾ, മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം.

എല്ലാ വികസന, അടിസ്ഥാനസൗകര്യ പദ്ധതികളും പ്രാദേശിക ദുരന്തങ്ങളെ പ്രതിരോധിക്കാനും ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും ശേഷിയുള്ള വിധത്തിൽ ആയിരിക്കണമെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും ശ്രീ മോദി പറഞ്ഞു.

അസം, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കർണാടക ആഭ്യന്തര മന്ത്രിയും സംസ്ഥാനങ്ങളിലെ പ്രളയ നിലയെ പറ്റിയും രക്ഷാപ്രവർത്തനങ്ങളെ കുറിച്ചും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. രക്ഷാപ്രവർത്തനത്തിന് യഥാസമയം മുന്നിട്ടിറങ്ങിയ ദേശീയ ദുരന്ത പ്രതികരണ സേന ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു.പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്നതിനു ഹ്രസ്വ – ദീർഘകാല അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട നടപടികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും മുഖ്യമന്ത്രിമാർ പങ്കുവെച്ചു.

സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോടും സംഘടനകളോടും പ്രധാനമന്ത്രി നിർദേശിച്ചു. ദുരന്തങ്ങൾ നേരിടുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ എല്ലാ സഹായവും തുടർന്നും കേന്ദ്ര ഗവൺമെന്റ് നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
**

Related Articles

Back to top button