IndiaKeralaLatest

അഞ്ച്‌ മാസം മുമ്പ് ചാലക്കുടിപ്പുഴയില്‍ വീണ ലോറി പുറത്തെടുത്തു

“Manju”

ചാലക്കുടി  :  അഞ്ചുമാസം മുമ്പ് ചാലക്കുടി പുഴയില്‍ മറിഞ്ഞ കണ്ടെയ്നര്‍ ലോറി പുറത്തെടുത്തു. ഇതോടെ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തി വര്‍ഷക്കാലത്ത് പുഴ കരകവിഞ്ഞൊഴുകുമെന്ന ആശങ്കയ്ക്ക് അറുതിയായി. മൂന്ന് ക്രെയിനുകളുടെ സഹായത്തോടെ മൂന്നര മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ലോറി പുറത്തെടുത്തത്. ദേശീയപാത എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചാണ് പ്രവൃത്തികള്‍ നടത്തിയത്.
കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് എറണാകുളത്തേക്ക് കാര്‍ കയറ്റിവന്ന കണ്ടെയ്നര്‍ ലോറി തിരിച്ചുപോകുന്നതിനിടെ ചാലക്കുടി പുഴ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് പുഴയിലേക്ക് പതിച്ചത്. ലോറി പുറത്തെടുക്കാന്‍ നേരത്തേ ഒരു ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചില്ല. ലോറി പുറത്തെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. ഇതിന് പല അവധികള്‍ പറഞ്ഞതല്ലാതെ ലോറി ഉയര്‍ത്താനുള്ള ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടായില്ല.
കാലവര്‍ഷം കടുക്കുന്നതോടെ പുഴയിലെ ഒഴുക്കിന് ലോറി തടസ്സമാകുമെന്നും ഇതുമൂലം പ്രളയസാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനുള്ള ഉത്തരവുണ്ടായത്. വെള്ളിയാഴ്ച രാവിലെ 6.30ഓടെ ആരംഭിച്ച പ്രവൃത്തികള്‍ 9.45ഓടെയാണ് അവസാനിച്ചത്. കണ്ടെയ്നറാണ് ആദ്യം പുറത്തെടുത്തത്. ലോറിയില്‍നിന്നും വേര്‍പെട്ടു കിടന്നിരുന്ന ഡ്രൈവര്‍ക്യാബിനും പിന്നീട് പുറത്തെടുത്തു. പുഴയില്‍ നിന്നും പുറത്തെടുത്ത ലോറി മുരിങ്ങൂരില്‍ ദേശീയപാതയോരത്തെ ഒഴിഞ്ഞ സ്ഥലത്ത് മാറ്റിയിട്ടിരിക്കുകയാണ്. ഇത് പിന്നീട് നീക്കം ചെയ്യും.
എറണാകുളത്തെ കൃപ ക്രെയിന്‍ സര്‍വീസാണ് ലോറി പുറത്തെടുത്തത്. മുംബൈ ആസ്ഥാനമായുള്ള മാനേജ്മെന്റ് ആട്ടോസ് കമ്ബനിയുടെ ഉടമസ്ഥതയിലുള്ളതാണ് കണ്ടെയ്നര്‍. ലോറി പുറത്തെടുത്തതിനന്റെ മുഴുവന്‍ ചെലവും കമ്ബനിയാണ് വഹിക്കുന്നത്.

Related Articles

Back to top button