ErnakulamKeralaLatest

നടുറോഡിൽ കിടന്ന പണക്കെട്ട് ഉടമയെ കണ്ടെത്തി നൽകി മിൽമ ജീവനക്കാരി

“Manju”

ചോറ്റാനിക്കര • നടുറോഡിൽ കിടന്ന പണക്കെട്ട് ഉടമയെ കണ്ടെത്തി നൽകി മിൽമ ജീവനക്കാരി മാതൃകയായി. തിരുവാണിയൂർ വണ്ടിപ്പേട്ട മിൽമ സൊസൈറ്റിയിലെ ജീവനക്കാരി ചെമ്മനാട് സ്വദേശി രമ കൃഷ്ണകുമാറാണു റോഡിൽ കിടന്ന പണം ഉടമ രാമമംഗലം സ്വദേശി അനിൽകുമാറിനു തിരിച്ചു കൊടുത്തത്.

തിങ്കളാഴ്ച പുലർച്ചെ ജോലിക്കായി പോകവേ വണ്ടിപ്പേട്ട-ചെമ്മനാട് റോഡിലാണു മഴയിൽ നനഞ്ഞു കുതിർന്ന പണക്കെട്ടു രമ കണ്ടത്. റോഡിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ പണവുമായി സൊസൈറ്റിയിലെത്തി ജീവനക്കാരോടും പുത്തൻകുരിശ് പൊലീസിലും വിവരം അറിയിച്ചു. പണം കളഞ്ഞു കിട്ടിയ വിവരം സമൂഹ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ചതോടെയാണു പണം നഷ്ടമായ കുംഭപ്പിള്ളിയിലെ ഷാപ്പ് ഉടമയായ അനിൽകുമാർ അന്വേഷിച്ചെത്തിയത്.

അപ്പോഴേക്കും എണ്ണി നോക്കാൻ പോലും നിൽക്കാതെ പണം സൊസൈറ്റിയിൽ ഏൽപിച്ചു രമ ജോലി കഴിഞ്ഞു മടങ്ങി. പൊലീസിന്റെ നിർദേശപ്രകാരം പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിൽ ജീവനക്കാർ പണം കൈമാറി. ഞായറാഴ്ചത്തെ ഷാപ്പിലെ കച്ചവടത്തില്‍ നിന്നു ലഭിച്ച 40,000 രൂപ കെട്ടിലുണ്ടായിരുന്നെന്ന് ഉടമ പറഞ്ഞു. പണം തിരിച്ചു കിട്ടിയ സന്തോഷത്തിൽ രമയെ കാണാൻ അനിൽകുമാർ വീട്ടിലെത്തി. സമ്മാനവും നൽകിയാണു മടങ്ങിയത്.

Related Articles

Back to top button