KeralaLatestThiruvananthapuram

കരിപ്പൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍; സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കില്ല

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തിന് പിന്നാലെ സ്ഥലത്ത് സന്ദര്‍ശനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഏഴ് മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സ്വയം നിരീക്ഷണത്തില്‍ പോകുന്ന സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മലപ്പുറം കളക്ടര്‍ക്കും പോലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹര്യത്തിലാണ് ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരായസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെകെ ശൈലജ, എസി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍, കെടി ജലീല്‍, ഇപി ജയരാജന്‍, വിഎസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോയത്. എസി മൊയ്തീന്റെ ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവാണ്. മറ്റു മന്ത്രിമാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും. കരിപ്പൂര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനും കളക്‌ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, ഡിജിപി തുടങ്ങി കരിപ്പൂരില്‍ എത്തിയ പ്രമുഖരെല്ലാം കരിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സന്നിധ്യമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും നേരത്തെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീമിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ജില്ല കളക്ടര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെഎസ് അഞ്ജു, പെരിന്തല്‍മണ്ണ എസിപി ഹേമലത, അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണു ഇവരുടെ സുരക്ഷ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരോട് അടുത്ത് ഇടപഴകിയ ഡിഎംഒ, എഡിഎം, സബ് കളക്ടര്‍മാര്‍ തുടങ്ങിയവര്‍ നിരീക്ഷണത്തിലാണ്. കരിപ്പൂര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ കളക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരും സജീവമായി പങ്കെടുത്തിരുന്നു.

Related Articles

Back to top button