KeralaLatest

അതി‍ർത്തികളിൽ പാസില്ലാതെ മലയാളികൾ കുടുങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

 

മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു മടങ്ങുന്ന മലയാളികളുടെ ഒഴുക്കിൽ അതിർത്തി ചെക്പോസ്റ്റുകളിൽ വൻ തിരക്ക്. പാസ് നിർത്തിവയ്ക്കുമെന്ന വാർത്തകൾ കൂടി വന്നതോടെ വേണ്ടത്ര രേഖകളില്ലാതെ കൂടുതൽ പേരെത്തി.

പാലക്കാട് അതിർത്തിയിലെ വാളയാർ ചെക്പോസ്റ്റിൽ പാസുള്ളവരും ഇല്ലാത്തവരും കൂട്ടത്തോടെ എത്തി. ഹെൽപ് ഡെസ്കിനു സമീപം സാമൂഹിക അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞു.

റെഡ് സോൺ ഉൾപ്പെടെയുള്ള മേഖലകളിൽനിന്നു പാസില്ലാതെ എത്തിയ 340 പേരെ മാറ്റി നി‍ർത്തിയതു സംഘർഷത്തിനും കാരണമായി. ഒരേ സംഘത്തിൽ പാസുള്ളവരും ഇല്ലാത്തവരുമെത്തി. ചിലർ പാസിന് അപേക്ഷിച്ചിട്ട്, അനുവദിക്കും മുൻപേ എത്തിയതായിരുന്നു.

തിരക്കേറിയതോടെ പാസുള്ളവരെപ്പോലും കടത്തി വിടാൻ കഴിയാതായി. ഒടുവിൽ കലക്ടറുമായി കൂടിയാലോചിച്ച് പാസില്ലാതെ വന്നവർക്കു പാസ് നൽകാനും 4 താൽക്കാലിക കൗണ്ടറുകളിലൂടെ കടത്തി വിടാനും തീരുമാനിച്ചതോടെയാണു സംഘർഷം അയഞ്ഞത്. ഇന്നു 4 കൗണ്ടറുകൾ കൂടി തുറക്കും.

കാസർകോട് മഞ്ചേശ്വരം ചെക്പോസ്റ്റിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറിലേറെപ്പേരാണ് പാസില്ലാതെ കുടുങ്ങിയത്. മൂഡബിദ്രിയിൽ നിന്നെത്തിയ 126 അംഗ വിദ്യാർഥി സംഘത്തിൽ പകുതിയോളം പേർക്കേ പാസുള്ളൂ. സ്പോട് റജിസ്ട്രേഷനിലൂടെ പാസ് നൽകുമെന്ന തീരുമാനം പിന്നീട് ഒഴിവാക്കിയത് ഇവരെ ദുരിതത്തിലാക്കി.

ഇവർക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള സഹായകേന്ദ്രത്തിൽ ഭക്ഷണം നൽകുന്നുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ എത്തിയവരുണ്ട്. പലർക്കും വാഹനസൗകര്യമില്ല. തിരികെപ്പോകാനും നിർവാഹമില്ല.

റജിസ്റ്റർ ചെയ്യാതെ വയനാട് മുത്തങ്ങ അതിർത്തിലെത്തിയ 50 പേരോട് പുറപ്പെട്ട സംസ്ഥാനങ്ങളിലേക്കു തിരിച്ചുപോകാനാണു നിർദേശിച്ചത്. റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം കഴി‍ഞ്ഞ ദിവസം മുതൽ നിർത്തലാക്കിയിരുന്നു. റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളിൽ എത്തിയവരെ പാസ് ഉണ്ടെങ്കിലും അതിർത്തി കടത്തിവിടില്ല. റജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ എത്തിയ പാസ് ഇല്ലാത്തവരെയും തിരിച്ചയയ്ക്കും

Related Articles

Back to top button