KeralaLatest

ഒമ്പതു വര്‍ഷം മുന്‍പ് നാടുവിട്ട ഒമ്പതാം ക്ലാസുകാരി വീട്ടില്‍ തിരിച്ചു വന്നത് ഇന്‍സ്പെക്ടറായി: സന്തോഷത്തില്‍ സെല്‍ഫി എടുത്ത് എഫ്ബിയില്‍ ഇട്ടു: യഥാര്‍ഥ പൊലീസ് പൊക്കി

“Manju”

സിന്ധുമോള്‍ ആര്‍

മല്ലപ്പളളി: സബ്‌ഇന്‍സ്‌പെക്ടര്‍ വേഷം ധരിച്ച്‌ ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. കൊറ്റനാട് ചാലാപ്പള്ളി നടമലക്കുന്ന് പാറയ്ക്കല്‍ വിജയന്റെ മകള്‍ പ്രീതി(30)യെ ആണ് പെരുമ്പെട്ടി പൊലീസ്‌ അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള പ്രീതി ഒമ്പതു വര്‍ഷം മുന്‍പ് നാടുവിട്ടു പോയതാണ്. ഇന്നലെ വൈകിട്ടാണ് ഒരു ഓട്ടോറിക്ഷയില്‍ വീട്ടില്‍ എത്തിയത്. എസ്‌ഐയുടെ യൂണിഫോം ധരിച്ചു വന്ന പ്രീതിയെ കണ്ട് വീട്ടുകാര്‍ ഞെട്ടി. പിന്നെ കുടുംബാംഗങ്ങളുമായി സെല്‍ഫി എടുത്തു. മൂത്ത സഹോദരി ഈ സെല്‍ഫി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് വിനയായത്. പടം കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. രാത്രി തന്നെ പൊലീസ് സ്ഥലത്ത് വന്ന് ചോദ്യം ചെയ്തു.

ഇന്ന് രാവിലെയാണ് കസ്റ്റഡിയില്‍ എടുത്തത്. ആള്‍മാറാട്ടം നടത്തിയതിനാണ് കേസ്. വീട്ടുകാര്‍ക്ക് മുന്നില്‍ ആളാകാന്‍ വേണ്ടിയാണ് താന്‍ ഈ വേഷം ധരിച്ചതെന്നും ഒന്നു രണ്ടു സീരിയലുകളില്‍ താന്‍ പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നുമാണ് ഇവരുടെ മൊഴി. പൊലീസ് ഇതു സംബന്ധിച്ച്‌ അന്വേഷിക്കുകയാണ്. ഒമ്പതുവര്‍ഷം മുന്‍പ് നാടുവിട്ട പ്രീതി പാലക്കാട്ടായിരുന്നു താമസം. ഇതിനിടെ മൂന്നു വിവാഹവും കഴിച്ചു. മൂന്നു കുട്ടികളും ഉണ്ട്. ഇന്നലെ എറണാകുളത്ത് നിന്നും പൊലീസ് വേഷത്തില്‍ ബസില്‍ കയറി. തിരുവല്ലയില്‍ വന്ന് അവിടെ നിന്ന് ഓട്ടോയില്‍ വീട്ടില്‍ എത്തുകയായിരുന്നു. പൊലീസ് വേഷം ധരിച്ചെങ്കിലും തട്ടിപ്പോ മറ്റൊന്നുമോ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വേഷമിട്ടുള്ള ആള്‍മാറാട്ടം ജാമ്യമില്ലാ കുറ്റമാണ്. രണ്ടു വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പായതിനാല്‍ കോടതി ജാമ്യത്തില്‍ വിടാനാണ് സാധ്യത.

Related Articles

Back to top button