Uncategorized

പ്രളയത്തിൽ വലഞ്ഞ വിദ്യാർത്ഥികൾക്ക് ധനസഹായം അനുവദിച്ച് അസം സർക്കാർ

“Manju”

ദിസ്പൂർ: പ്രളയത്തിൽ പഠന സാധനങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളെ സഹായിച്ച് അസം സർക്കാർ. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ രൂക്ഷമായ പ്രളയക്കെടുതിയിൽ ബുദ്ധിമുട്ട് നേരിട്ട വിദ്യാർത്ഥികൾക്ക് സർക്കാർ ധനസഹായം അനുവദിച്ചു. 1000 രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. 1,01,539 വിദ്യാർത്ഥികൾക്ക് സഹായം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. 10.15 കോടി രൂപയാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തത്. പ്രളയക്കെടുതിയിൽ പെടുന്നവർക്ക് പൊതുവായി ധനസഹായം അനുവദിക്കാറുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി സംസ്ഥാന സർക്കാർ നേരിട്ട് ഇത്തരമൊരു സഹായം നൽകുന്നത് അപൂർവ്വമാണ്.

ദിവസങ്ങൾ നീണ്ട പ്രളയത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദുരിതത്തിലായിരുന്നു. ഇവർക്ക് ആശ്വാസമേകാനുളള എളിയ ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. പ്രയാസമേറിയ സമയത്ത് കുട്ടികൾക്കൊപ്പം നിൽക്കാനുളള സർക്കാരിന്റെ ആത്മാർത്ഥമായ പരിശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച നാഗോൺ, കാച്ചാർ, ഹോജായ് തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് സഹായം നൽകിയത്. നാഗോണിൽ മാത്രം 35,079 വിദ്യാർത്ഥികൾക്ക് സഹായം നൽകിയതായി മുഖ്യമന്ത്രി പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കാച്ചാറിൽ 16,046 വിദ്യാർത്ഥികൾക്കും, ഹോജായിയിൽ 12,090 വിദ്യാർത്ഥികൾക്കും ഡരാങിൽ 8090 വിദ്യാർത്ഥികൾക്കും സഹായം നൽകി.

Related Articles

Back to top button