KeralaLatest

കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ അന്തരിച്ചു

“Manju”

കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ അന്തരിച്ചു | Ayamkudi Kuttappa  Marar | Kathakali | Kerala art | ആയാംകുടി കുട്ടപ്പമാരാർ | കഥകളി | ചെണ്ട |  മേളം | malayala Manorama ...

തിരുവല്ല : കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ (93) അന്തരിച്ചു. തിരുവല്ല മതിൽഭാഗത്തെ മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങൾ‌ മൂലം ഏതാനും മാസമായി വിശ്രമത്തിലായിരുന്നു. സംസ്കാരം പിന്നീട്.

കഥകളി, ചെണ്ട, ഇടയ്ക്ക, പഞ്ചവാദ്യം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച അതുല്യകലാകാരനായ കുട്ടപ്പ മാരാർക്ക് സംസ്ഥാന സർക്കാരിന്റെ 2008ലെ വാദ്യകലാരത്നം പല്ലാവൂർ അപ്പുമാരാർ പുരസ്കാരം, ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുമതിക്കുട്ടിയമ്മ. മക്കൾ: സുജാത, ഗിരിജ, ചെണ്ട കലാകാരൻ കലാഭാരതി ഉണ്ണിക്കൃഷ്ണന്‍, ജയകുമാര്‍. ആയാംകുടി കുഞ്ഞൻ മാരാരുടെയും നാരായണിയമ്മയുടെയും മകനായി 1931ലാണ് കുട്ടപ്പമാരാരുടെ ജനനം. കുട്ടിക്കാലത്തുതന്നെ അച്ഛൻ മരിച്ചതിനാൽ ക്ഷേത്രങ്ങളില്‍ നെല്ല് കുത്തിയാണ് നാരായണിയമ്മ മക്കളെ വളര്‍ത്തിയിരുന്നത്. അമ്മയുടെ കഷ്ടപ്പാടില്‍ മനംനൊന്ത് കുട്ടപ്പമാരാര്‍ ആയാംകുടി മഹാദേവക്ഷേത്രത്തിലെ അടിയന്തര ജോലികള്‍ ചെയ്തുതുടങ്ങി. ഇക്കാലത്ത് ആയാംകുടി കൃഷ്ണക്കുറുപ്പിന്റെ ശിഷ്യനായി ചെണ്ടയും ഇടയ്ക്കയും അഭ്യസിച്ചു. പിന്നീട് തേർവഴി അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിൽ പഞ്ചവാദ്യവും പഠിച്ചു.

മതിൽഭാഗം മുറിയായിക്കൽ സുമതിക്കുട്ടിയമ്മയെ വിവാഹം ചെയ്ത് തിരുവല്ലയിൽ എത്തിയതോടെ കഥകളി രംഗത്തും അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. ആറന്മുള വിജ്ഞാന കലാവേദി, തിരുവനന്തപുരം മാർഗി കഥകളി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.
ജർമനിയും ഇംഗ്ലണ്ടും അടക്കം നിരവധി രാജ്യങ്ങളിൽ കലാപ്രവർത്തനവുമായി സന്ദർശിച്ചിട്ടുണ്ട്. വാരണാസി വിഷ്ണു നമ്പൂതിരി, കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, തിരുവല്ല രാധാകൃഷ്ണന്‍ തുടങ്ങി പ്രഗത്ഭരായ ശിഷ്യരുടെ നീണ്ടനിര തന്നെ കുട്ടപ്പമാരാർക്കുണ്ട്.

Related Articles

Back to top button