KeralaLatestThiruvananthapuram

പിടിച്ചെടുത്ത കായല്‍ മീന്‍ രഹസ്യ വില്‍പ്പന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: പിടിച്ചെടുത്ത കായല്‍ മീന്‍ രഹസ്യമായി വില്‍പ്പന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാരെയാണ് മീന്‍ വിറ്റതിന് നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ എആര്‍ ക്യാംപിലേക്ക് മാറ്റിയത്. നാട്ടുകാര്‍ വലവീശി പിടിച്ച മീന്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് റൂറല്‍ എസ്പി നടപടിയെടുത്തത്. അതിനിടെ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന എസ്‌ഐയെ രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. തീരദേശത്തുള്ള ചിലര്‍ കഠിനംകുളം കായലില്‍ നിന്നും വലവീശി പിടിക്കുന്ന കരിമീന്‍, തിലോപ്പിയ, വരാല്‍ തുടങ്ങിയവ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

ജീപ്പില്‍ കൊണ്ടുപോയ മീന്‍ ഇടനിലക്കാരിലൂടെ വില്‍പന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയര്‍ന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീന്‍ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. ഒരു എസ്‌ഐ, എഎസ്‌ഐമാര്‍ ചില സിവില്‍പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടെ ആരോപണങ്ങളില്‍പ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ ആറ്റിങ്ങല്‍ ഡിവൈഎസ്പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നല്‍കി. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉള്‍പ്പെടെ വിശദീകരണം തേടിയിരുന്നു. തുടര്‍ന്നായിരുന്നു റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം.

Related Articles

Back to top button