ArticleKeralaLatest

ഒരു തൈ നടാം നാളേക്ക് വേണ്ടി…

“Manju”

വി.ബി നന്ദകുമാർ

പ്രകൃതി മനുഷ്യനെ കാത്തുരക്ഷിക്കുമ്പോള്‍ പ്രകൃതിയെ സംരക്ഷിക്കുവാന്‍ അവനും ബാദ്ധ്യസ്ഥനാണ്. പ്രകൃതിക്കുവേണ്ടിയുള്ള സമയം ആഗതമായി.

പ്രകൃതി മനുഷ്യന് മാത്രമല്ല കോടാനുകോടി ജീവജാലങ്ങള്‍ക്ക് വസിക്കാനായി ദൈവം നല്‍കിയ ഇടം. ഇത് മനുഷ്യന് വേണ്ടി മാത്രമാണെന്ന് എന്നുമുതല്‍ മനുഷ്യന്‍ ധരിച്ചുതുടങ്ങിയോ അന്നുമുതല്‍ പ്രകൃതി മരിച്ചുതുടങ്ങി. പ്രകൃതിയെന്നാല്‍ നമുക്ക് ചുറ്റുപാടും നാം കാണുന്ന പരിസ്ഥിതി. ഇന്ന് പരിസ്ഥിതിദിനം. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി   ഐക്യരാഷ്ട്ര സഭ ഓര്‍മ്മിപ്പിക്കുന്ന ദിനം. 1972 മുതല്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. പ്രകൃതിക്കുവേണ്ടിയുള്ള സമയം ആഗതമായിരിക്കുന്നു എന്നാണ് ഇന്ന് നാം വിളിച്ചു പറയേണ്ടത്. നമ്മുടെ ഭാഷയിലേക്ക് അടുത്ത കാലത്ത് കടന്നുവന്ന പദമാണ് പരിസ്ഥിതി. മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ഒരുകൂട്ടം സുമനസ്സുകള്‍ പറഞ്ഞപ്പോള്‍ മനുഷ്യന് ജീവിക്കാന്‍ വികസനമാണ് വേണ്ടത് അതിന് പരിസ്ഥിതിയെ കെട്ടപ്പിടിച്ചിരുന്നാല്‍ പോരാ..എന്ന മറുശബ്ദത്തിനാണ് ശക്തികൂടുതല്‍. കാരണം അധികാരം ഇവിടേക്കാണ് ചാഞ്ഞു നിന്നത്. നമ്മള്‍ ഇന്ന് പരിസ്ഥിതിയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ലോകം കോവിഡ് എന്ന മഹാമാരിയുടെ മുഷ്ടിക്കുള്ളില്‍ ഞെരിഞ്ഞമരുകയാണ്. എന്തുകൊണ്ട കോവിഡ്. മനുഷ്യര്‍ പരിസ്ഥിതിയെ സങ്കീര്‍ണമായ പല മാര്‍ഗങ്ങളിലൂടെയും ശല്യപ്പെടുത്തുമ്പോഴാണ് പുത്തന്‍ സാംക്രമികരോഗങ്ങള്‍ ഉണ്ടാകുന്നത്. വായു മലിനീകരണം, ജലമലിനീകരണം, ജീവി വര്‍ഗ്ഗങ്ങളുടെ വംശനാശം എന്നിങ്ങനെയുള്ള പല പുതിയ പ്രശ്നങ്ങളും രോഗവ്യാപനങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ നാം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരി ഉള്‍പ്പെടെ അടുത്ത കാലത്ത് പൊട്ടിപ്പുറപ്പെട്ട പല മാരക രോഗങ്ങളും മനുഷ്യര്‍ സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്ന ചില പ്രതിസന്ധികളുടെ സൂചനകളാണ്. കോവിഡ് കരിമ്പടംമൂടി ഇരുട്ട് പരത്തിയപ്പോള്‍ ചിലപ്രകാശങ്ങള്‍ തെളിഞ്ഞു കണ്ടു. അടച്ചിടല്‍കാലം പ്രകൃതി അവളുടെ താളം വീണ്ടെടുത്ത കാലംകൂടിയായി.മാലിന്യച്ചാലുകളായ നദികള്‍ തെളിഞ്ഞൊഴുകി. പ്രകൃതി ആശ്വാസത്തോടെ നിശ്വസിച്ചു. ലോകത്തെ വന്‍നഗരങ്ങളൊക്കെയും സ്വച്ഛവായു ശ്വസിച്ചു. ലോകത്തെ ഏറ്റവും മലിനനഗരങ്ങളിലൊന്നായ ഡല്‍ഹിയിലെ വായുമലിനീകരണം 70 ശതമാനത്തോളം കുറഞ്ഞു. ഗംഗ അക്ഷരാര്‍ഥത്തില്‍ ശുദ്ധീകരിക്കപ്പെട്ടു. സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളടക്കമുള്ള വികിരണങ്ങളെ തടഞ്ഞ് ഭൂമിക്ക് സംരക്ഷണകവചമൊരുക്കുന്ന ഓസോണ്‍ പാളിയിലെ വിള്ളല്‍ മാഞ്ഞുതുടങ്ങി. ഇത്രയും മതി ഇന്നത്തെ ദിനത്തിന് ആശ്വസിക്കാന്‍.  ഈ തിരിച്ചറിവിന്റെ വിവേകമാണ് ഇനിവേണ്ടതും. ഇത്തരം തിരിച്ചറിവുകളുമായി ഇന്നും സജ്ജീവമായി ഒരുകൂട്ടം പ്രകൃതി സ്നേഹികള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് നാളെയെന്ന പ്രതീക്ഷയെ നിറംപിടിപ്പിക്കുന്നത്. പരിസ്ഥിതിക്ക് ഹരിതശോഭ ചാര്‍ത്താന്‍ ഇതാ ഇവര്‍ ഇവിടെയുണ്ട്

ഈ സുദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നാദാപുരം കോട്ടേമ്പ്രം ഗ്രാമത്തില്‍ 56 വൃക്ഷതൈകളൊരുക്കുന്ന തിരക്കിലാണിവര്‍. 5-6-2020 എന്ന ദിനത്തിന്റെ പ്രതീകമായി ’56’ തൈകള്‍ 56 കുടുംബങ്ങള്‍ക്കായി നല്‍കാന്‍ ഇവര്‍ ഒരുങ്ങികഴിഞ്ഞു.  സസ്യശാസ്ത്ര അധ്യാപകനായ ഡോ. പി  ദിലീപ്, സി. അനൂപ്, അക്ഷയ്, ടി. നിതിന്‍ലാല്‍  എന്നിവരുടെ  നേതൃത്തത്തില്‍ ആണ് പരിസരത്തെ ഹരിതഛായയിലാക്കാന്‍ കര്‍മ്മനിരതമായിരിക്കുന്നത്.  പ്ലാസ്റ്റിക് കവറില്‍ നിറച്ച വരത്തന്മാരായ വൃക്ഷതൈകളല്ല ഇവര്‍ നല്‍കുന്നത്.  നാട്ടിന്‍പുറത്തിന്റെ തനതു നാടന്‍ ഫലവൃക്ഷതൈകളായ അമ്പഴം, പ്ലാവ്, നാട്ടുമാവ്, പുളി എന്നിവ മുളപ്പിച്ചും പറമ്പില്‍ നിന്നു ശേഖരിച്ചും പ്ലാസ്റ്റിക് കവറുകള്‍ക്കു പകരം പാള കൊണ്ടുള്ള കൂടകളിലാക്കി ഓരോ വീട്ടിലും എത്തിക്കുകയാണിവര്‍. പരിസ്ഥിതി ദിനങ്ങളില്‍  സാധാരണയായി പ്ലാസ്റ്റിക്  കവറുകളില്‍ നമ്മുടെ അടുത്ത് എത്തുന്ന തേക്ക്, മഹാഗണി  തുടങ്ങിയ സസ്യങ്ങള്‍ നാടിന്റെ തനിമ  നശിപ്പിക്കുമ്പോള്‍, തൈനട്ടശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ ഭൂമിക്ക് ശാപമാകുമ്പോള്‍, ഇവര്‍ ഈ ഭൂമിയുടെ മക്കള്‍,
വ്യത്യസ്തരാകുന്നു. നാടന്‍ വൃക്ഷത്തൈകള്‍ പാള കൊണ്ടുള്ള കൂടകളില്‍ വീടുകളിലെത്തിക്കുമ്പോള്‍ ഇവര്‍ നല്‍കുന്നത് ഒരു പാഠംകൂടിയാണ്. നമ്മുടെ വേരുകളിലേക്കു തിരിഞ്ഞൊന്നു നോക്കാന്‍.നമുക്കും കൂട്ടുകൂടാന്‍ സമയം ആഗതമായിരിക്കുന്നു എന്ന പാഠം.
വികസനവും പ്രകൃതിയും ഇരുചേരിയിലാണെന്ന കാഴ്ചപ്പാടിനുള്ള തിരുത്താണ് കാലം ആവശ്യപ്പെടുന്നത്. പ്രകൃതിയെ മുറിവേല്‍പ്പിക്കാതെയുള്ള സുസ്ഥിരവികസന ആശയങ്ങളിലേക്ക് .കോവിഡാനന്തരലോകം എത്തുമെന്ന് പ്രത്യാശിക്കാം. പ്രകൃതിക്കായി ഇപ്പോള്‍ത്തന്നെ നമുക്കൊന്നായി ചൊല്ലാം. പ്രകൃതിക്കുവേണ്ടിയുള്ള സമയം ആഗതമായി.

Related Articles

Back to top button