KeralaLatestThiruvananthapuram

‍വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; ഗൂഢാലോചന അന്വേഷിക്കാനൊരുങ്ങി പൊലീസ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ ഗൂഢാലോചന അന്വേഷിക്കാനൊരുങ്ങി പൊലീസ്. പ്രാദേശിക ഇടപെടലുകള്‍ കേന്ദ്രീകരിച്ചാവും ആദ്യം അന്വേഷണം. അതേസമയം, കൊലപാതകത്തില്‍ പങ്കുള്ള രണ്ടു മുഖ്യ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടില്‍ തുടങ്ങിയ സംഘര്‍ഷവും വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും വൈരാഗ്യത്തിന് ആക്കം കൂട്ടി. അതിനാല്‍ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ആദ്യം പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഇതിനായി നേതാക്കളടക്കം ഒട്ടേറെപ്പേരെ ചോദ്യം ചെയ്യും.
രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന ആക്ഷേപം പൊലീസ് തള്ളിക്കളയുകയാണ്. പ്രതികളുടെ സംഘം മൂന്നു ബൈക്കിലായി സ്ഥലത്തെത്തി കാത്തു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പത്തു മിനിറ്റോളം കഴിഞ്ഞ് കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും ഉള്‍പ്പെടെ ആറു പേരുടെ സംഘം രണ്ട് ബൈക്കിലായി സ്ഥലത്തെത്തുന്നു. അപ്പോള്‍ കാത്തു നിന്ന അക്രമി സംഘം ആയുധവുമായി അവരെ സമീപിക്കുന്നതും ദൃശ്യങ്ങളിലുള്ളതിനാല്‍ പ്രതികളുടെ ആസൂത്രിത നീക്കമെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ കൊലപാതകത്തില്‍ നേരിട്ട് പങ്ക് എത്ര പേര്‍ക്കെന്നതില്‍ പൂര്‍ണ വ്യക്തതയായില്ല. അറസ്റ്റിലായ സജീവും സനലും പിടിയിലാകാനുള്ള അന്‍സാറും ഉണ്ണിയുമുണ്ടെന്ന് ഉറപ്പിച്ചു. ഇത് കൂടാതെ രണ്ട്‌ പേര്‍ കൂടിയുണ്ടോയെന്നതാണ് അന്വേഷിക്കുന്നത്.

Related Articles

Back to top button