KeralaLatestThiruvananthapuram

ജെഇഇ പരീക്ഷയില്‍ ഹാജര്‍ നില 75 ശതമാനം: സംസ്ഥാനങ്ങളോട് നന്ദി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ തന്നെ വിവാദമായ ജെഇഇ പരീക്ഷയില്‍ 75 ശതമാനം വിദ്യാര്‍ത്ഥികളും പങ്കെടുത്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. 4,58,521 അപേക്ഷകരില്‍ 3,43,958 പേരും പങ്കെടുത്തുവെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ജെഇഇ പരീക്ഷയുടെ ഹാജര്‍ നില മന്ത്രി ട്വിറ്റര്‍ വഴി പുറത്തുവിട്ടു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും നിരവധി പേര്‍ ഈ പരീക്ഷകളില്‍ പങ്കെടുത്തു. അതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നന്ദി പറയുന്നു.
സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ പ്രതിദിനം രണ്ട് സ്ലോട്ടുകളിലായാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി ജെഇഇ പരീക്ഷകള്‍ നടത്തിയത്. രാവിലെ 9 മണിമുതല്‍ 12 മണി വരെ ആദ്യ സ്ലോട്ട്, ഉച്ചയ്ക്കു ശേഷം 3 മണി മുതല്‍ 6 മണി വരെ രണ്ടാമത്തെ സ്ലോട്ട്. സെപ്റ്റംബര്‍ 1 ന് നടന്ന ബിആര്‍ക്ക്, ബിപ്ലാനിങ് പ്രവേശന പരീക്ഷയില്‍ 54.67 ശതമാനവും സെപ്റ്റംബര്‍ 2ന് നടന്ന ബിടെക് പ്രവേശന പരീക്ഷയില്‍ 81.08 ശതമാനവും സെപ്റ്റംബര്‍ 3ന് നടന്ന എന്‍ഐടി പ്രവേശന പരീക്ഷയില്‍ 82.14 ശതനാനവും പേര്‍ പങ്കെടുത്തു.
രാജ്യത്തെ ഐഐടികള്‍, എന്‍ഐടികള്‍ തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിനാണ് ജെഇഇ പരീക്ഷകള്‍ നടത്തുന്നത്. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ ജെഇഇ അഡ്വാന്‍സ്ഡ് 2020ലും പങ്കെടുക്കണം. കൊവിഡ് പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ജെഇഇ പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് നിരവധി സംസ്ഥാന സര്‍ക്കാരുകളും ദേശീയ നേതാക്കളും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ബംഗാളും കേന്ദ്രവും തമ്മില്‍ ഇതിന്റെ പേരില്‍ കടുത്ത തര്‍ക്കവും നടന്നു. വിട്ടുവീഴ്ച ചെയ്യാന്‍ കേന്ദ്രം തയ്യാറായില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കനുസരിച്ച്‌ ബംഗാളില്‍ 30 ശതമാനം പേര്‍ക്കും പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

Related Articles

Back to top button