IndiaLatest

ഗുജറാത്ത് കലാപം : പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റവിമുക്തന്‍

“Manju”

ശ്രീജ.എസ്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റവിമുക്തന്‍. 2002 ലെ ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അവശേഷിച്ച മൂന്ന് കേസുകളില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയത്.
പ്രന്തിജ് കോടതിയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സിവില്‍ ജഡ്ജി എസ് കെ ഗാദ് വിയാണ് മൂന്ന് കേസുകളില്‍ നിന്നും മോദിയെ പ്രതിപ്പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള ഉത്തരവിട്ടത്. വാദി കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മോദിക്കെതിരായ ആരോപണങ്ങള്‍ പൊതുവായതും വ്യക്തമല്ലാത്തതും അവ്യക്തവുമാണ്, കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 22 കോടി രൂപയായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം.

ഇമ്രാന്‍ സലീം ദാവൂദ്, ബ്രിട്ടീഷ് പൗരന്മാരായ ഷിറിന്‍ ദാവൂദ്, ഷമീമ ദാവൂദ് എന്നിവരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്കെതിരെ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്തത്. ബ്രിട്ടീഷ് പൗരന്മാരായതിനാല്‍ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികള്‍ സാക്ഷികളായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയിലെത്തിയിരുന്നു.

കലാപ സമയത്ത് ഇവരുടെ ബന്ധുക്കള്‍ സഞ്ചരിച്ച വാഹനത്തിന് സബര്‍കന്ത ജില്ലയിലെ പ്രന്തിജിനടുത്ത് വെച്ച്‌ കലാപകാരികള്‍ തീ വെച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്നു മൂന്നു പേര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു.

Related Articles

Back to top button