IndiaLatest

ഹൈപ്പർ സോണിക് ക്ലബ്ബിൽ ഇന്ത്യ; മിസൈലിന് ശബ്ദത്തെക്കാൾ 6 മടങ്ങു വേഗം

“Manju”

ന്യൂഡൽഹി • മിസൈലുകൾക്കു ശബ്ദത്തെക്കാൾ 6 മടങ്ങു വേഗം നൽകുന്ന ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ (എച്ച്എസ്ടിഡിവി) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോകത്ത് ഈ സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നിവയാണു മറ്റു രാജ്യങ്ങൾ. അടുത്ത 5 വർഷത്തിനകം ഇന്ത്യ ഹൈപ്പർ സോണിക് മിസൈലുകളും നിർമിക്കും.

ഡിആർഡിഒ (ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) ആണു തദ്ദേശീയമായ സ്ക്രാംജെറ്റ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒഡീഷയിലെ ബാലസോറിൽ വീലർ ദ്വീപിലെ എ.പി.ജെ. അബ്ദുൽ കലാം ടെസ്റ്റിങ് റേഞ്ചിൽ നിന്ന് അഗ്നി മൊബൈൽ ബൂസ്റ്റർ ഉപയോഗിച്ച് പകൽ 11.03ന് ആയിരുന്നു വിക്ഷേപണം.

30 കിലോമീറ്റർ ഉയരത്തിലെത്തിയശേഷം എയ്റോഡൈനമിക് ഹീറ്റ് ഷീൽഡുകൾ വേർപെടുകയും കൃത്യമായി ഹൈപ്പർ സോണിക്കിലേക്കു മാറുകയും ചെയ്തു. സ്ക്രാംജെറ്റ് എൻജിൻ വളരെ ഉയർന്ന താപനിലയിൽ കൃത്യമായി പ്രവർത്തിച്ചു. പ്രവർത്തനം വിലയിരുത്താൻ ബംഗാൾ ഉൾക്കടലിൽ കപ്പൽ സജ്ജമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈയിൽ നടത്തിയ പരീക്ഷണം പൂർണ വിജയമായിരുന്നില്ല. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറ ഹൈപ്പർ സോണിക് വിക്ഷേപിണികളും നിർമിക്കാം.

Related Articles

Back to top button