KeralaLatestThiruvananthapuram

സാക്ഷരതാ തുടര്‍വിദ്യാഭ്യാസം 4 വര്‍ഷംകൊണ്ട് 35,776 പേര്‍ പരീക്ഷയെഴുതി ജയിച്ചു.

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പാലക്കാട്: സ്കൂള്‍ കാണാന്‍ കഴിയാത്ത, പാഠപുസ്തകം മറിച്ചുനോക്കാന്‍ കഴിയാത്ത, അക്ഷരമറിയാത്തവരെ സാക്ഷരതയുടെ ലോകത്തേക്ക് പിടിച്ചുകൊണ്ടുവരാന്‍ നായനാര്‍ സര്‍ക്കാര്‍ ആരംഭിച്ച സാക്ഷരത പ്രസ്ഥാനം ഇന്ന് വേറിട്ട വഴിയില്‍. അക്ഷരം പഠിച്ചവരെ തുടര്‍ സാക്ഷരതയിലൂടെ പരീക്ഷാ വിജയികളാക്കാന്‍ പിണറായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയില്‍ 35,776 പേര്‍ വിവിധ ക്ലാസുകളില്‍ വിജയിച്ചു. പലര്‍ക്കും സര്‍ക്കാര്‍ ജോലിയും കിട്ടി.

സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാഭ്യാസ പദ്ധതിയില്‍ നാല് വര്‍ഷത്തിനിടെ 1,08,807 പഠിതാക്കളുണ്ടായിരുന്നു. ഭൂരിഭാഗം പേരും പരീക്ഷ വിജയിച്ചു. 2016 മുതല്‍ 2020 വരെയുള്ള കണക്കാണിത്. വിവിധ വിഭാഗങ്ങള്‍ക്കൊപ്പം അട്ടപ്പാടി ആദിവാസി മേഖലയ്ക്ക് പ്രത്യേക പദ്ധതിയും ആരംഭിച്ചു. 15 മുതല്‍ 90 വയസ്സുവരെയുള്ള പഠിതാക്കളെ സാക്ഷരതയിലുടെയും, കലോത്സവങ്ങളിലൂടെയും, സാമൂഹ്യ വിദ്യാഭ്യാസത്തിലൂടെയും മുന്നോട്ട് കൊണ്ടുവന്നു. നാലാംതരം തുല്യതയ്ക്ക് 7,175 പഠിതാക്കളും ഏഴാംതരം തുല്യതയ്ക്ക് 4,290 പഠിതാക്കളും പത്താം തരം തുല്യതയ്ക്ക് 13,326 പഠിതാക്കളും ഹയര്‍സെക്കന്‍ഡറിക്ക് മൂന്നു ബാച്ചുകളിലായി 10,445 പേരും വിജയിച്ചു.

ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇതിനകം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടി. ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നിവ 313 പേര്‍ പാസായി. ഭരണഘടനാ സാക്ഷരതയില്‍ 55,000- പേര്‍ പങ്കെടുത്തു. അട്ടപ്പാടിയെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ ആദിവാസി ബ്ലോക്ക് ആക്കാനുള്ള പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്.

അതിഥിത്തൊഴിലാളികള്‍ക്കായി ആരംഭിച്ച ‘ചങ്ങാതി’ പദ്ധതിയിലൂടെ പുതുശേരി, വാണിയംകുളം പഞ്ചായത്തുകളില്‍ 131 പേര്‍ മലയാളം പഠിച്ചു. മൂന്നാംഘട്ടം മലമ്പുഴ പഞ്ചായത്തില്‍ ആരംഭിച്ചു. ‘നവചേതന’ പദ്ധതിയില്‍ രണ്ട് ഘട്ടങ്ങളിലായി 20 കോളനികളിലുള്ള 370 പേരെ സാക്ഷരരാക്കാനും 137 പേരെ നാലാംതരം തുല്യത വിജയിപ്പിക്കാനുമായി. മൂന്നാംഘട്ടത്തില്‍ പുതുതായി 10 പട്ടികജാതി കോളനികളെക്കൂടി ഉള്‍പ്പെടുത്തി.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുള്ള ‘സമന്വയ’ പദ്ധതിയില്‍ 45 പേരില്‍ നാലുപേര്‍ തുല്യതാ പരീക്ഷ വിജയിച്ചു. വിവിധ പരിശീലനങ്ങള്‍ കോവിഡ് കാലത്തും ഓണ്‍ലൈനായി നടക്കുന്നുവെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Articles

Back to top button