AlappuzhaKeralaLatest

സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ :ലോക സാക്ഷരതാ ദിനത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി എസ് ശ്രീകുമാരി ടീച്ചർക്ക്  പാണ്ടനാട് എം വി ലൈബ്രറിയുടെയും സമഗ്ര ശിക്ഷാ കേരളം  ചെങ്ങന്നൂർ ബി ആർ സി യുടെയും ആദരവ്. 2014  ൽ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടിരുന്ന ആല പെണ്ണുക്കര ഗവ. യു പി സ്കൂളിനെ ആത്മസമർപ്പണത്തിന്റെ 5  വർഷങ്ങൾ കൊണ്ട് ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഉയർത്തുവാൻ ഈ പ്രഥമാധ്യാപികയ്ക്ക് സാധിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണം ഏഴിൽ  നിന്നും 2 ഡിവിഷനുകളിലേക്ക് ഉയർത്തി. 84 കുട്ടികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്ഷം 250 ന്  മേൽ കുട്ടികൾ അധ്യയനം നടത്തി. ചെങ്ങന്നൂർ എം എൽ എ സജി ചെറിയാന്റെ ചലഞ്ച് ഏറ്റെടുത്തു കൊണ്ട് കഴിഞ്ഞ വർഷം  94 കുട്ടികൾക്ക് പുതുതായി പ്രവേശനം നൽകി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 94 ലക്ഷം രൂപ സ്കൂൾ നേടിയെടുത്തു. ചെങ്ങന്നൂർ സബ് ജില്ലയിൽ നവോദയ പ്രവേശനം നേടിയ സർക്കാർ സ്കൂളിലെ ഏക വിദ്യാർത്ഥി പെണ്ണുക്കര ഗവ. യു പി സ്കൂളിന്റെ സംഭാവനയായിരുന്നു. എൽ എസ് എസ് – യു എസ് എസ് സ്കോളർഷിപ്പ്  പരീക്ഷയിൽ കഴിഞ്ഞ നാല് വർഷങ്ങളിലും തുടർച്ചയായി വിജയികളെ സൃഷ്ടിച്ച് കൊണ്ട് ഈ വിദ്യാലയവും അധ്യാപികയും മാതൃകയാകുന്നു. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷ കേരളയും ആവിഷ്കരിക്കുന്ന നൂതന പദ്ധതികൾ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ജനകീയമായി നടപ്പിലാക്കുവാൻ ഈ വിദ്യാലയത്തിനു സാധിക്കുന്നു. പെണ്ണുക്കര ഗവ. യു പി സ്കൂൾ  കൈവരിച്ച ഓരോ നേട്ടങ്ങൾക്ക്  പിന്നിലും ഈ അധ്യാപികയുടെ അറിവും നേതൃപാടവവും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകളും മുതൽക്കൂട്ടായി. പഠനത്തോടൊപ്പം പഠ്യേതര വിഷയങ്ങളിലും എല്ലാ കുട്ടികളെയും ഒരു മേഖലയിൽ എങ്കിലും മികവുറ്റവരാക്കാൻ ശ്രദ്ധിക്കുന്ന ഈ അധ്യാപിക കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരേ പോലെ പ്രിയങ്കരിയാണ്.ഭിന്നശേഷി വിഭാഗം കുട്ടികളുടെ  പഠനം , മാനസികോല്ലാസം, ചികിത്സ  എന്നിവയിലെല്ലാം ഈ അധ്യാപിക പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.വിദ്യാലയ പ്രവർത്തങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കി അടച്ചുപൂട്ടി പോകുമായിരുന്ന ഒരു വിദ്യാലയത്തെ നാടിന്റെ സ്വന്തം പള്ളിക്കൂടമാക്കി മാറ്റി. 2014 ൽ അങ്ങാടിക്കൽ സൗത്ത് ഗവ.ഹയർ സെക്കണ്ടറി  സ്കൂളിൽ നിന്നും പ്രഥമാധ്യാപികയായി പ്രൊമോഷൻ ലഭിച്ച് പെണ്ണുക്കര സ്കൂളിലെത്തിയ ശ്രീകുമാരി ടീച്ചർ സ്കൂളിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും രക്ഷകർത്താക്കളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും പ്രതീക്ഷകളും  അറിയുന്നതിനുമായി  നാടിന്റെ വിവിധ ഭാഗങ്ങളിലായി കോർണർ പി റ്റി എകൾ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, മുതിർന്ന അധ്യാപകർ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, പ്രാദേശിക കലാകാരന്മാർ, പൂർവവിദ്യാർഥികൾ  എന്നിങ്ങനെ ഒരു വിദ്യാലയ അന്തരീക്ഷത്തെ പൂര്ണമാക്കുന്ന എല്ലാ സ്രോതസ്സുകളെയും ഒപ്പം ചേർത്തു. കുട്ടികളുടെ മികവുകൾ പ്രകടിപ്പിക്കുവാൻ സ്കൂളിന് പുറത്ത് പൊതുവേദികളിൽ പഠനോത്സവങ്ങൾ സംഘടിപ്പിച്ചു  പുതിയ കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, വാഹന സൗകര്യം ഇവയെല്ലാം സ്കൂളിന്റെ മുഖഛായ മാറ്റിമറി ച്ചു. ലോക്ക് ഡൗൺ  കാലത്തും ഓൺലൈൻ ആയി കുട്ടികളോട്  നിരന്തരം സംവദിക്കുന്നതിനും അവർക്ക് പഠനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്നതിനും ശ്രീകുമാരി ടീച്ചർ മുഴുവൻ സമയവും മാറ്റി വെച്ചു .2018 ൽ ഗുരുശ്രേഷ്ഠ പുരസ്കാരവും 2019 ൽ ശ്രേഷ്ഠാധ്യാപിക പുരസ്കാരവും ലഭിച്ചിരുന്നു.

Related Articles

Back to top button