IndiaKeralaLatestThiruvananthapuram

“കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലേ……..” ഇന്ന് ശ്രീകൃഷ്ണ ജയന്തി.

“Manju”

ഇന്ന് ശ്രീകൃഷ്ണ ജയന്തി, ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ഷൈലേഷ്കുമാർ.കൻമനം

കോഴിക്കോട്: അമ്പാടി മുതൽ കുരുക്ഷേത്രഭൂമി വരെയും തന്റെ ലീലാവിലാസങ്ങളാൽ ധർമ്മസംസ്ഥാപനം നടത്തിയ ഭഗവാൻ ശ്രീകൃഷ്ണന്റെ ജൻമദിനം രാജ്യമിന്ന് ജൻമാഷ്ടമിയായി ആഘോഷിക്കുന്നു. ഹൈന്ദവ വിശ്വാസികൾ സ്വന്തം ഗൃഹങ്ങൾ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചും, കൃഷ്ണനാമങ്ങളാൽ മുഖരിതമാക്കിയും, ബാലികാ ബാലൻമാരെ ഉണ്ണിക്കണ്ണന്റെ വേഷങ്ങളണിയിച്ചും മറ്റൊരു അമ്പാടിയുടെ പ്രതീതീ ജനിപ്പിച്ചു മാണ് ജൻമാഷ്ടമിയെ ഇത്തവണ സ്വാഗതം ചെയ്യുക. വർഷാവർഷം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ശോഭയാത്രകൾ കൊവിഡ് വ്യാപന ഭീഷണിയെ തുടർന്ന് ഇപ്രാവശ്യം ഉണ്ടായിരിക്കുകയില്ല. ‘കണ്ണൻ ആടിയ ലീലകൾ ഒന്നൂടെ ആടിക്കാണാൻ ‘ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വീടുകളിലേക്ക് മാത്രമായി ഒതുക്കാനാണ് ബാലഗോകുലം നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കമെന്നോണം ഹൈന്ദവ ഗൃഹങ്ങളിൽ കഴിഞ്ഞ ആറാം തീയതി മുതൽ ഗോകുലപതാകകൾ ഉയർന്നു കഴിഞ്ഞു. ഇതിനൊപ്പം കൃഷ്ണ വിഗ്രഹങ്ങൾ സ്ഥാപിച്ചുള്ള കൃഷ്ണകുടീരങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. പശുക്കളുള്ള വീട്ടിൽ ഗോപൂജയും ,വൃക്ഷ വന്ദനം, പ്രകൃതീവന്ദനം, തുളസീവന്ദനം,നദീവന്ദനം, കൃഷ്ണ പൂക്കളം നിർമ്മിക്കൽ എന്നിവയും നടക്കും. ജയന്തി ദിനമായ ഇന്ന് അമ്മമാർ കുഞ്ഞുങ്ങളെ കൃഷ്ണവേഷധാരികളാക്കി കൃഷ്ണനൂട്ട് നടത്തുക എന്ന ചടങ്ങും ആഘോഷങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്, ജീവനകലാ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മാതാ അമൃതാനന്ദമയി, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ എന്നിവർ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകും. സന്ധ്യാവേളയിൽ നിറദീപങ്ങൾ തെളിയിച്ച ശേഷം എട്ടുമണിയോടു കൂടി കുടുംബാംഗങ്ങൾ ഒരുമിച്ച് അവിൽ പ്രസാദം കഴിക്കുകയും, സുരക്ഷ മുൻകരുതലുകൾ’ പാലിച്ച് അയൽ വീടുകളിൽ പ്രസാദ ദാനം നടത്തിയുമാണ് ആഘോഷ ചടങ്ങുകൾ അവസാനിപ്പിക്കുക.

Related Articles

Back to top button