KeralaLatest

കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരുടെ ക്വാറന്റീന്‍ നിഷേധിച്ചു, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധസമരം

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിനോക്കുന്ന നഴ്സുമാര്‍ക്ക് ക്വാറന്റീന്‍ നിഷേധിച്ചതിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം. ഭരണപക്ഷ സംഘടനയായ കേരള ഗവ.നഴ്സസ് അസോസിയേഷന്‍,​ കേരള ഗവ. നഴ്സസ് യൂണിയന്‍ എന്നീ സംഘടനകളാണ് വെവ്വേറെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടി നോക്കുന്ന നഴ്സുമാര്‍ക്ക് രണ്ടാഴ്ചത്തെ ഡ്യൂട്ടിക്ക് ശേഷം പതിനാല് ദിവസം ക്വാറന്റീന്‍ നിര്‍ദേശിച്ചിരുന്നതാണ്. കൊവിഡിന്റെ തുടക്കം മുതല്‍ ഇപ്രകാരമാണ് തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും പ്രവര്‍ത്തിച്ചുവന്നത്. അറുപതോളം കൊവിഡ് പോസിറ്റീവ് കേസുകള്‍ ചികിത്സയില്‍ തുടരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ ക്വാറന്റീന്‍ ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരം റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.

കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിനോക്കുന്ന നഴ്സുമാര്‍ നാല് മണിക്കൂര്‍ തുടര്‍ച്ചയായി പി.പി.ഇ കിറ്റ് അണിഞ്ഞാണ് ജോലി നോക്കുന്നത്. പ്രായമുള്ളവരും അവശരുമായെത്തുന്ന രോഗികളോട് പരമാവധി അടുത്തിടപഴകേണ്ട സന്ദര്‍ഭങ്ങളും പലപ്പോഴും ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാതെ വരുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ പലപ്പോഴും രോഗപ്പക‌ര്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ടാക്കുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു നഴ്സിന് കൊവിഡ് ബാധിതരായ വൃദ്ധ ദമ്പതികളെ പരിപാലിക്കുന്നതിനിടെ കൊവിഡ് ബാധയുണ്ടായിരുന്നു. ഇത്തരത്തില്‍ നഴ്സുമാരില്‍ നിന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും രോഗ വ്യാപനം ഉണ്ടാകുന്നത് തടയാന്‍ ക്വാറന്റീന്‍ ആവശ്യമാണ്. ക്വാറന്റീന്‍ കാലയളവില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമൂഹവ്യാപനത്തിന് വഴിയൊരുക്കാതെ ചികിത്സ തേടാമെന്നതാണ് നേട്ടം. എന്നാല്‍ കൊവിഡ് കേസുകളും ആശുപത്രിയിലെ ജോലിഭാരവും കൂടിയ സാഹചര്യം പരിഗണിച്ച്‌ ആശുപത്രി സൂപ്രണ്ട് ക്വാറന്റീന്‍ ഒഴിവാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

സൂപ്രണ്ടിന്റെ നടപടിക്കെതിരെ കെ.ജി. എന്‍.എ യുടെ നേതൃത്വത്തില്‍ മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും നഴ്സുമാര്‍ മെഡിക്കല്‍ കോളേജ് വളപ്പില്‍ രാവിലെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അസോസിയേഷന്‍ ജില്ലാ നേതാക്കളായ പ്രദീപ്,​ അജോ സാം വര്‍ഗീസ്,​ ഹമീദ്,​ നിഷാഹമീദ്,​ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിപക്ഷ സംഘടനയായ നഴ്സസ് യൂണിയന്റെ നേതൃത്വത്തില്‍ സൂപ്രണ്ടിന്റെ നടപടിക്കെതിരെ നഴ്സുമാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നുണ്ട്. അത്യാഹിതവിഭാഗം,​ കൊവിഡ് ചികിത്സാ വിഭാഗം എന്നിവ ഉള്‍പ്പെടെ ആശുപത്രി പ്ര‌വര്‍ത്തനങ്ങളെ ബാധിക്കാതെയും തടസപ്പെടുത്തുകയും ചെയ്യാത്ത തരത്തിലായിരുന്നു സമരം.

Related Articles

Back to top button