KeralaLatestThiruvananthapuram

ചരിത്രത്തിൽ ആദ്യമായി പത്മതീർഥത്തിൽ പത്മനാഭസ്വാമിക്ക് ആറാട്ട്

“Manju”

തിരുവനന്തപുരം• ചരിത്രത്തിൽ ആദ്യമായി പത്മതീർഥത്തിൽ ശ്രീ പത്മനാഭസ്വാമിക്ക് ആറാട്ട്. പൈങ്കുനി ഉത്സവത്തിനു സമാപനം കുറിച്ച് പതിവായി ശംഖുംമുഖം കടവിലാണ് ആറാട്ട് നടത്തുന്നതെങ്കിലും അതൊഴിവാക്കി പത്മതീർഥത്തിൽ പത്മനാഭ സ്വാമിയേയും നരസിംഹ മൂർത്തിയേയും തിരുവമ്പാടി ശ്രീകൃഷ്ണനേയും ആറാടിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായാണ് ക്രമീകരണം ഏർപ്പെടുത്തിയതെങ്കിലും ആറാട്ട് ദർശിക്കാൻ പത്മതീർഥത്തിന്റെ വശങ്ങളിൽ ഭക്തർ തടിച്ചുകൂടി. ആറാട്ടു ഘോഷയാത്രയും ഇക്കുറി ഒഴിവാക്കിയിരുന്നു.

ഇന്നലെ വൈകിട്ട് 6.15 ന് ശ്രീബലിപ്പുരയിലെ പ്രദക്ഷിണത്തിനു ശേഷം ശ്രീ പത്മനാഭസ്വാമി, നരസിംഹമൂർത്തി, തിരുവാമ്പാടി കൃഷ്ണൻ എന്നീ വിഗ്രഹങ്ങളെ പുറത്തെഴുന്നള്ളിച്ചു. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളേന്തി അകമ്പടി സേവിച്ചു. തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി ലക്ഷ്മിബായി, അശ്വതി തിരുനാൾ ഗൗരി പാർവതിബായി, ആദിത്യവർമ, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവര്‌‍ എഴുന്നള്ളത്തിനെ അനുഗമിച്ചു. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, പെരിയനമ്പി എന്നിവരുടെ കാർമികത്വത്തി‍ൽ നവരാത്രി മണ്ഡപത്തിന് മുന്നിലുള്ള മണ്ഡപത്തിലാണ് 3 വിഗ്രഹങ്ങൾക്കും ആറാട്ട് നടന്നത്. ശേഷം കിഴക്കേ നട വഴി വിഗ്രഹങ്ങൾ അകത്തെഴുന്നള്ളിച്ചു.

ആറാട്ടിൽ പങ്കെടുപ്പിക്കാനായി എത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുളള ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം, ശ്രീവരാഹം വരാഹമൂർത്തി ക്ഷേത്രം, ഇരവിപേരൂർ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളെ‌ പത്മതീർഥത്തിന്റെ കിഴക്കു ഭാഗത്തുള്ള കൽമണ്ഡപങ്ങളിലാണ് ഇറക്കിപ്പൂജയും ആറാട്ടും നടത്തിയത്. ആറാട്ടിനു ശേഷം പൈങ്കുനി ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കി. ഇന്ന് ആറാട്ടുകലശം നടത്തും.

Related Articles

Back to top button