KeralaLatestThiruvananthapuram

കോവിഡ് ; വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കി പാര്‍ലമെന്റ് പിരിഞ്ഞു

“Manju”

സിന്ധുമോള്‍ ആര്‍​
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഴക്കാലസമ്മേളനം വെട്ടിച്ചുരുക്കി പാര്‍ലമെന്റ് പിരിഞ്ഞു. കാര്‍ഷിക ബില്ലുകള്‍ക്കും തൊഴില്‍ബില്ലുകള്‍ക്കുമെതിരേയുള്ള കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് സഭകള്‍ അനിശ്ചിതകാലത്തേക്കു പിരിഞ്ഞത്. പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച തൊഴില്‍ പരിഷ്കരണ ബില്ലുകള്‍ അടക്കം കാര്യമായ ചര്‍ച്ചകളില്ലാതെ പാസ്സാക്കി. എന്നാല്‍ കാര്‍ഷിക ബില്ല് പാസ്സാക്കിയതിലുള്ള പ്രതിഷേധം പാര്‍ലമെന്‍റിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. രണ്ട് ദിവസങ്ങളായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്ലാതിരുന്നതിനാല്‍ കാര്യമായോ ചര്‍ച്ചകളോ എതിര്‍പ്പുകളോ ഇല്ലാതെയാണ് പല ബില്ലുകളും പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയത്. വിവാദമായ തൊഴില്‍ പരിഷ്കരണ ബില്ല് അടക്കം പതിനാല് ബില്ലുകളാണ് രാജ്യസഭ ഒറ്റ ദിവസം കൊണ്ട് പാസാക്കിയത്. സവാള, ഉരുളക്കിഴങ്ങ്, പയര്‍ വര്‍ഗ്ഗങ്ങള്‍ അടക്കമുളള ഭക്ഷ്യവസ്തുക്കള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയ ബില്ലും പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ പാസ്സാക്കി.
ഈ മാസം 14 മുതല്‍ അടുത്തമാസം ഒന്നുവരെയാണ് മഴക്കാല സമ്മേളനം നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിനിടയില്‍ രണ്ടു മന്ത്രിമാര്‍ക്കും രണ്ട് എം.പി.മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സിറ്റിങ് വെട്ടിക്കുറയ്ക്കാന്‍ കാര്യോപദേശക സമിതി തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഏഴു ദിവസം ബാക്കിനില്‍ക്കെ സമ്മേളനം ബുധനാഴ്ച അവസാനിപ്പിച്ചു.
രാജ്യസഭയില്‍ 25 ബില്ലുകള്‍ പാസാക്കിയതായി അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ആറ് ബില്ലുകള്‍ പുതുതായി അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തില്‍ 3.15 മണിക്കൂര്‍ നഷ്ടമായി. ആകെ ലഭിച്ച സമയത്തില്‍ 57 ശതമാനം നിയമനിര്‍മാണത്തിനായി ചെലവിട്ടെന്നും വെങ്കയ്യ അറിയിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ 11 അംഗങ്ങള്‍ക്ക് രാജ്യസഭ ബുധനാഴ്ച യാത്രയയപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ ദിനത്തിലും അവസാന ദിനത്തിലും സഭയിലെത്തി.

Related Articles

Back to top button