KeralaLatestMalappuramThiruvananthapuram

കൊലവിളിക്കുന്ന കാട്ടാനകള്‍ക്കിടയില്‍ നിന്നും രക്ഷപെട്ട ജെയിംസിനിത് പുനര്‍ജന്മം

“Manju”

സിന്ധുമോള്‍ ആര്‍​
രാത്രിയില്‍ ഉറക്കത്തിനിടെ ഷെഡ്ഡ് ദേഹത്ത്‌ വീണപ്പോഴാണ് ജെയിംസ് ഞെട്ടിയുണര്‍ന്നത്. ഓടി പുറത്തിറങ്ങിയപ്പോള്‍ ചെന്നുപെട്ടത് കാട്ടാനകളുടെ മുന്‍പില്‍. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മരക്കൊമ്പില്‍ ഉടുപ്പ് ഉടക്കി നിലത്തുവീണുപോയി. എങ്ങനെയൊക്കെയോ പോളിഞ്ഞുകിടന്ന ഷെഡ്ഡിനുള്ളിലേക്ക് നിരങ്ങിക്കയറിയപ്പോഴേക്കും ജെയിംസിന്റെ ബോധം പോയിരുന്നു. ബോധമറ്റ് കാട്ടാനകളുടെയിടയില്‍ ആറ് മണിക്കൂറോളം കിടന്ന വട്ടവട പഴത്തോട്ടം സ്വദേശി ജെയിംസി(43)ന് ഇത് പുനര്‍ജന്മമാണ്.
പച്ചക്കറി കര്‍ഷകനായ ജെയിംസ് വീട്ടില്‍നിന്ന്‌ മൂന്നുകിലോമീറ്റര്‍ ദൂരത്തുള്ള കൃഷിയിടത്തിലെ ഷെഡ്ഡില്‍ കാവല്‍ കിടക്കുകയായിരുന്നു. കൃഷിയിടത്തിലെ കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവ വന്യമ്യഗങ്ങളില്‍നിന്ന്‌ രക്ഷിക്കുന്നതിനാണ് രാത്രിയില്‍ സ്ഥിരമായി കാവല്‍ കിടന്നിരുന്നത്.
ഉറക്കത്തിനിടെ ബുധനാഴ്ച വെളുപ്പിന് രണ്ടിനാണ് ഷെഡ്ഡ് തകര്‍ന്ന് ദേഹത്ത് വീണത്. ചാടിയെഴുന്നേറ്റ് പുറത്തുകടന്നപ്പോള്‍ ചുറ്റിനും കൊമ്പന്‍മാരടക്കം ആറ് ആനകള്‍. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഷര്‍ട്ട് ഷെഡ്ഡിന്റെ മരക്കമ്പിലുടക്കി താഴെ വീണെങ്കിലും അവിടെനിന്ന് ഉരുണ്ട്, തകര്‍ന്നുകിടന്ന ഷെഡ്ഡിനുകീഴിലേക്ക് കയറിയതോടെ ജെയിംസിന് ബോധം നഷ്ടപ്പെട്ടു.
രാവിലെ ഏഴുമണിയായിട്ടും ഭര്‍ത്താവിനെ കാണാഞ്ഞ്‌ ഫോണില്‍ വിളിച്ചിട്ടും വീട്ടില്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ഭാര്യ ചന്ദ്രമേഖല കൃഷിയിടത്തിലെത്തിയപ്പോഴാണ് ഷെഡ്ഡ് തകര്‍ന്നുകിടക്കുന്നത്‌ കണ്ടത്. ഈ സമയവും കാട്ടാനക്കൂട്ടം കൃഷിയിടത്തിലുണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി പടക്കംപൊട്ടിച്ച്‌ ആനകളെ ഓടിച്ചു. തിരച്ചിലിലാണ് ബോധമറ്റുകിടക്കുന്ന ജെയിംസിനെ കണ്ടെത്തിയത്. ജെയിംസിനെ വട്ടവട പി.എച്ച്‌.സി.യിലെത്തിച്ച്‌ പ്രഥമചികിത്സ നല്‍കിയശേഷം ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിനും നടുവിനും പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button