KeralaLatestThiruvananthapuram

വെഞ്ഞാറമൂട്‌ ഗവ. ഹയർ സെക്കന്ററി സ്കൂൾ. അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌

“Manju”

വെഞ്ഞാറമൂട് : അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർന്ന്‌ വെഞ്ഞാറമൂട്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂളും. ഹൈടെക് ക്ലാസ് മുറികൾക്ക് പുറമെ സെമിനാർ ഹാൾ, മൾട്ടി മീഡിയാ റൂം, ഓപ്പൺ എയർ ഓഡിറ്റോറിയം, ബാഡ്മിന്റൻ കോർട്ട്, ശൗചാലയങ്ങൾ എന്നിവയാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കിഫ്ബി വഴി അഞ്ചു കോടി ഉപയോഗിച്ചാണ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തിയത്. എട്ട്‌ മുതൽ പ്ലസ്ടു വരെ 2500ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

വെഞ്ഞാറമൂടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലെ 45 ക്ലാസ് മുറിയും ഹൈടെക്കായി. ഹൈസ്കൂളിനും ഹയർ സെക്കൻഡറി വിഭാഗത്തിനും പ്രത്യേകം വിശാലമായ കംപ്യൂട്ടർ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2500 പേർക്ക് ഇരിക്കാൻ കഴിയുന്ന 18,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം മറ്റൊരു ആകർഷണീയതയാണ്.

വെഞ്ഞാറമൂട്ടിൽ സാംസ്കാരിക പരിപാടികൾക്ക് വേദിയില്ല എന്ന പ്രശ്നത്തിനൊരു പരിഹാരം കൂടിയാണിത്. ഓഡിറ്റോറിയത്തിനോട് ചേർന്ന് ബാഡ്മിന്റൻ കോർട്ടുമൊരിക്കിയിട്ടുണ്ട്‌. ഡി കെ മുരളി എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ് വെഞ്ഞാറമൂട്ടുകാരുടെ സ്വപ്നപദ്ധതി യാഥാർഥ്യമായത്. ഒക്ടോബർ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാലയം നാടിന് സമർപ്പിക്കും.

Related Articles

Back to top button