KeralaLatest

വയനാട്ടിലേക്കിനി ചുരം ചുറ്റിക്കയറേണ്ട:വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് തുരങ്ക പാത

“Manju”

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം കോഴിക്കോട് ജില്ലയിലാണെങ്കിലും വയനാട് ചുരം എന്നും വിളിപ്പേരുണ്ട്. ചുരം കയറിയും വനം കടന്നും മാത്രം എത്തിപ്പെടാവുന്ന ജില്ലയായ വയനാടിന്റെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പുത്തന്‍ പാത വരുന്നു. വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴു കിലോമീറ്ററോളം ദൂരത്തില്‍ തുരങ്കപാതയാണ് നിര്‍മിക്കാന്‍ നടപടിയായത്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടികളില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് പുത്തന്‍ ഉണര്‍വും വേഗവും കൈവന്നു. പാത നടപ്പാകുന്നതോടെ കര്‍ണാടകത്തില്‍ നിന്നും മലബാറിലേക്കുള്ള ചരക്കു നീക്കം സുഗമമാകുകയും കോഴിക്കോട് ജില്ലയിലെ മലയോരമേഖലയ്ക്ക് വികസനക്കുതിപ്പ് കൈവരികയും ചെയ്യുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവില്‍ നിന്നും മലബാറിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നത് വയനാട് വഴിയാണ്.

ചുരത്തിലെ ഗതാഗതക്കുരുക്കും ശോച്യാവസ്ഥയും മൂലം ചുറ്റിവളഞ്ഞുള്ള മറ്റു വഴികള്‍ ആശ്രയിക്കേണ്ടി വരുന്നു. ചരക്കു നീക്കത്തിന് ഏറ്റവും എളുപ്പമുള്ള ഈ വഴിയിലൂടെ വലിയ ചരക്കുലോറികളുടെ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. വയനാട് ചുരത്തിന് ബദല്‍പാത എന്നത് വയനാട്, കോഴിക്കോട് ജില്ലകളുടെ മാത്രമല്ല, മലബാര്‍ മേഖലയുടെ മുഴുവന്‍ ആവശ്യമാണ്.

കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാത എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല സര്‍ക്കാരുകളും മാറിമാറി വന്നിട്ടും ശക്തമായ നടപടി എടുക്കാന്‍ സാധിച്ചിരുന്നില്ല. നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2014 ല്‍ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തി തുരങ്കപാത നിര്‍മിക്കാന്‍ അനുയോജ്യമെന്ന് കണ്ടെത്തി.

2016 ല്‍ ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കുകയും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 2017ലെ സംസ്ഥാന ബജറ്റില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ 20 കോടി രൂപ വകയിരുത്തി. തുടര്‍ന്ന് തുരങ്കപാതയുടെ വിശദ പഠന റിപ്പോര്‍ട്ട് തയാറാക്കലും നിര്‍മാണവും കൊങ്കണ്‍ റെയിൽവേ കോര്‍പറേഷനെ ഏര്‍പ്പിച്ചു.

കൊങ്കണ്‍ റെയിൽവേ പ്രാഥമിക പരിശോധന നടത്തി പാതയുടെ അലൈന്‍മെന്റ് തയാറാക്കി. വയനാട് മേപ്പാടി ഭാഗത്തും ചൂരല്‍മല ഭാഗത്തും അവസാനിക്കുന്ന നാല് അലൈന്‍മെന്റുകളാണ് തയാറാക്കിയത്. മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈന്‍മെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. പരമാവധി കാട് ഒഴിവാക്കിയുള്ള അലൈന്‍മെന്റാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

തിരഞ്ഞെടുത്ത അലൈന്‍മെന്റ് പ്രകാരം മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മിക്കും. സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മിക്കും. സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പദ്ധതിക്കായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടി രൂപയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്.

Related Articles

Back to top button