LatestThiruvananthapuram

ഇന്ധന വില; അടുപ്പുകൂട്ടി പ്രതിഷേധിച്ച് സിപിഎം

“Manju”

തിരുവനന്തപുരം: ഇന്ധനവിലയിൽ ആശ്വാസം നൽകാൻ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ വിലവർദ്ധനവിനെതിരേ സംസ്ഥാന വ്യാപകമായി അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ച് സിപിഎം. പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ ഉയർത്തി കേന്ദ്രം ജനജീവിതം ദുരിതപൂർണമാക്കുകയാണെന്ന് ആരോപിച്ചായിരുന്നു അടുപ്പുകൂട്ടൽ സമരം നടത്തിയത്.

എൽഡിഎഫ് സർക്കാർ അരിയും ഭക്ഷ്യവസ്തുക്കളും സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ ഇത് പാചകം ചെയ്തു കഴിക്കാൻ വലിയ വില നൽകേണ്ട അവസ്ഥയിലാണ് ജനങ്ങളെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. എന്നാൽ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാണ്. മേഘാലയയും പശ്ചിമബംഗാളും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ നികുതി കുറച്ചതും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സിപിഎം സമരവുമായി ഇറങ്ങിയത്.

ഇന്ധനവില എണ്ണക്കമ്പനികൾ ഒരു രൂപ വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസ ലഭിക്കുന്നുണ്ട്. കേരളത്തിൽ പെട്രോളിന്റെ വിൽപന നികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. ഇത് കൂടാതെ അധിക വിൽപന നികുതിയും ഒരു രൂപ സെസും സർക്കാരിന് ലഭിക്കുന്നുണ്ട്.

ഇന്ധന വില ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ നിയമപരമായ തടസമില്ലെന്നും എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ സമ്മതം തേടേണ്ടതുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളം അടക്കമുളള സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമാർഗമാണ് ഇന്ധനനികുതി.

Related Articles

Back to top button