IndiaKeralaLatestThiruvananthapuram

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ലൈബ്രറികളിൽ നിന്നുമുള്ള ആദ്യത്തെ ഡിജിറ്റൽ മാഗസിൻ കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറി പുറത്തിറക്കി.

“Manju”

അനൂപ് എം.സി.

കാഞ്ഞങ്ങാട്: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ലൈബ്രറികളിൽ നിന്നുമുള്ള ആദ്യത്തെ ഡിജിറ്റൽ മാഗസിൻ കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറി പുറത്തിറക്കി. ഡിജിറ്റൽ മാഗസിനിന്റെ ആദ്യ ലക്കത്തിന്റെ പ്രകാശനം കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും കേരള മുനിസിപ്പൽ ചെയർമെൻസ് ചേമ്പറിന്റെ ചെയർമാനുമായ വി.വി.രമേശൻ ഓൺലൈനായി നിർവ്വഹിച്ചു.

കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ഇതൊരു ചരിത്രമുഹൂർത്തമാണെന്ന് മാഗസിൻ പ്രകാശനവേളയിൽ നഗരസഭാ ചെയർമാൻ അഭിപ്രായപ്പെട്ടു.  വായനാ മത്സരങ്ങളും മറ്റ് കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ച് ഇതിനകം ശ്രദ്ധേയമായിട്ടുള്ള കാഞ്ഞങ്ങാട് നഗരസഭാ ലൈബ്രറി ഇപ്പോൾ പുതിയ മേഖലയിലേക്ക് കൂടി കടന്നിരിക്കുകയാണ്. ഡിജിറ്റൽ മാഗസിനിലൂടെ, നേരിട്ട് ലൈബ്രറിയിൽ വരാതെ ലോകത്തിന്റെ ഏത് കോണിൽ നിന്നും വായിക്കാവുന്ന സൗകര്യം പൊതുജനങ്ങൾക്ക് ലഭിക്കുകയാണ്.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അറിവ് വർദ്ധിപ്പിക്കുന്നതിനും വായനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും കാഞ്ഞങ്ങാട് നഗരസഭ ഒട്ടേറെ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിന് ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ്
ലഭിക്കുന്നത്. ഡിജിറ്റൽ മാഗസിനിന്റെ തുടർ പ്രവർത്തനങ്ങളിൽ നഗരസഭയിലെ എഴുത്തുകാരുടെയും വായനക്കാരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചു.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാന്റെ ചേമ്പറിൽ ഗൂഗിൾ മീറ്റിലൂടെ ഓൺലൈനായിട്ടാണ്. ഡിജിറ്റൽ മാഗസിനിന്റെ പ്രകാശന ചടങ്ങ് നടത്തിയത്. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ശ്രീ.എം.കെ.ഗിരീഷ്, മുനിസിപ്പൽ ലൈബ്രറി കമ്മിറ്റി കൺവീനർ സന്തോഷ് കുശാൽ നഗർ, കൗൺസിലർമാരായ അജയകുമാർ നെല്ലിക്കാട്ട്, കെ.വി ഉഷ, കെ.ലത, ചെയർമാന്റെ പി.എ.എ.വേണുഗോപാലൻ, നഗരസഭാ ലൈബ്രേറിയൻ പി.വി.രഘുനാഥൻ എന്നിവർ സംബന്ധിച്ചു.

2020ലെ വായനാവാരത്തിൽ മുനിസിപ്പൽ ലൈബ്രറി അംഗങ്ങൾ അവതരിപ്പിച്ച വായനാ കുറിപ്പുകളാണ് ഇന്ന് പ്രകാശനം ചെയ്ത ഓൺലൈൻ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നഗരസഭയിലെ സ്ക്കൂൾ വിദ്യാർത്ഥികളുടെ രചനകൾ ചേർത്തു കൊണ്ട് തുടർ ലക്കങ്ങളിൽ പ്രത്യേക പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിന് ആലോചനയുണ്ടെന്ന് മാഗസിനിന്റെ ചുമതലയുള്ള നഗരസഭാ ലൈബ്രേറിയൻ അറിയിച്ചു.

Related Articles

Back to top button