Latestഎഴുത്തിടം | Ezhuthidam

നഷ്ടപ്പെട്ടതിനെയോർത്തു ദുഃഖിച്ചിട്ടെന്തു ഫലം

“Manju”

ശരണ്യ . ജെ .എസ്

മുറിയിൽ തങ്ങി നിൽക്കുന്ന ദുർഗന്ധം …..
ഇടനാഴിയിൽ എങ്ങും നിശബ്ദത തളം കെട്ടി നിൽക്കുന്നു . ആർഭാടത്തിന്റെയോ പണത്തിന്റെയോ പൊങ്ങച്ചവും ധാർഷ്ട്യവും എങ്ങും കേൾക്കാനില്ല. ഇന്നലെവരെ ആളും ബഹളവും നിറഞ്ഞിരുന്ന വീട്ടിൽ ഇന്ന് എങ്ങും നിശബ്ദത മാത്രം . അടച്ചിട്ട മുറിയിൽ ഇന്നേക്ക് ഇരുപതാം ദിവസം .കൂടെ നിന്നവരോ ആർഭാടത്തിലോ സമ്പത്തിലോ ഒപ്പം നിന്ന സുഹൃത്തുക്കൾ ആരും ഒപ്പം ഇല്ല . എന്തിനേറെ …. താൻ ജീവനുതുല്യം സ്നേഹിച്ചവൾ പോലും സ്വാർത്ഥതയുടെ പിടിയിൽ പെട്ടു വിട്ടുപോയി . പേടിയാണത്രേ …. മരണത്തിലേക്ക് പോകുന്ന ഒരാളോടൊപ്പം നിന്നു സ്വയം മരണം വരിക്കാൻ വയ്യെന്നു പറഞ്ഞു സ്വന്തം ഭവനത്തിലേക്കു പോയി .അവൾക്കറിയാം ഞാൻ മരിച്ചാലും ഇല്ലെങ്കിലും എന്റെ പണവും സമ്പാദ്യവും എല്ലാം അവൾക്കും കുട്ടികളിലേക്കും വന്നുചേരുമെന്ന്‌ .
ഇനിയെന്ത് എന്ന് സ്വയം പഴിച്ചു നിദ്രയിലേക്കു വഴുതി വീഴവെ … അനന്ദൻ പരിചിതമായ ഒരു ശബ്‌ദം കേട്ടു . “മോനേ …” “അമ്മ … അമ്മയുടെ ശബ്ദം അല്ലേ അത് ”. അനന്ദൻ പട്ടിണി കിടന്നവൻറെ മുന്നിൽ ഭക്ഷണം കിട്ടിയതുപോലെ പിടഞ്ഞെഴുന്നേറ്റു … അതെ … അമ്മ തന്നെ . പണത്തിന്റെ അന്ധതയിൽ സ്റ്റാറ്റസ്സിന്റെ പേരും പറഞ്ഞു പഴമയുടെ പ്രതീകമായ ആ അമ്മയെ താൻ ഒരു വാല്യക്കാരി ആണെന്ന വണ്ണം സുഹൃത്തുക്കൾക്കു പരിചയപ്പെടുത്തുകയായിരുന്നു.തന്റെ അമ്മയാണെന്നു പോലും തുറന്നു പറയാൻ മടി തോന്നത്തക്കവണ്ണം ഉള്ള എന്റെ വളർച്ചയിൽ മനം നൊന്ത് ആരോടും പറയാതെ വിങ്ങി പൊട്ടി ഇറങ്ങിപ്പോയതാണ് പാവം. ” പോയതുപോലെ വന്നോളും ” എന്നു ഉമ പറഞ്ഞപ്പോൾ തിരഞ്ഞു പോകാൻ പോലും പോയതാണ് പാവം .”പോയതുപോലെ വന്നോളും ” എന്നു ഉമ പറഞ്ഞപ്പോൾ തിരിഞ്ഞു പോകാൻ പോലും തോന്നിയില്ല . എന്നിട്ടിപ്പോൾ ആരും ഇല്ലാണ്ട് എല്ലാവരും ഉപേക്ഷിച്ചു പോയപ്പോൾ ആ പാവം തന്റെ മകനെ തിരക്കി വന്നിരിക്കുന്നു “. ജനൽ തുറന്നു പുറത്തേക്കു നോക്കിയ അനന്ദൻ അവശയായി തളർന്നു ഉമ്മറത്തിരിക്കുന്ന അമ്മയെ ആണ് കണ്ടത് .തന്നെ കണ്ടതും അമ്മ ഓടി അരികിലെത്തി .
“വേണ്ട എന്റെ അടുത്തേക്ക് വരണ്ട .. വന്നാൽ അമ്മയ്ക്കും രോഗം പകരും “. അനന്തൻ അലമുറയിട്ടു . അതിനു അമ്മേടെ കുട്ടിക്ക് അസുഖം ആണ് എന്ന് ആരാ പറഞ്ഞെ … കൂടെ ജോലി ചെയ്യുന്ന ഒരാൾക്ക് വന്നതുകൊണ്ട് വരാൻ സാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ദിക്കാനായി മാറി ഇരിക്കണം എന്നല്ലേ പറഞ്ഞൊള്ളു”. അമ്മയ്ക്ക് പേടി ഇല്ല. എല്ലാ സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പാലിച്ചുകൊണ്ട്‌ തന്നെ അമ്മ മകന്റെ ഒപ്പം ഉണ്ടാകും . നോക്കിയാൽ കാണുന്ന ദൂരത്തു ആ ചായിപ്പിൽ അമ്മ ഉണ്ടാകും . എന്തുണ്ടെലും എന്റെ കുട്ടി വിളിച്ചാൽ മതി കേട്ടോ … അനന്തൻ നോക്കി നിൽക്കെ കയ്യിൽ ഇരുന്ന പൊതിച്ചോറ് ജനൽ പടിയിൽ വെച്ചിട്ടു അമ്മ വീടിനോടു ചേർന്നുള്ള ഒറ്റമുറി കെട്ടിടത്തിലേക്ക് നടന്നകന്നു .
താൻ ഒറ്റപ്പെട്ട അവസ്ഥയിൽ ആണെന്ന് ആരിൽ നിന്നോ മനസ്സിലാക്കിയ ആ പാവം മകൻ വിശന്നിരിക്കുകയാകും എന്ന് കരുതി ഒരു പൊതിച്ചോറുമായി ഓടിവന്നതാണ് . എൻറെ ദൈവമേ … ഈ അമ്മയെ ആയിരുന്നല്ലോ ജോലിക്കാരി എന്ന് പറഞ്ഞു ഞാൻ വേദനിപ്പിച്ചത്.അനന്തൻ സ്വയം ശപിക്കാൻ ആരംഭിച്ചു.ചുറ്റും ഇരുള്കയറുന്നതുപോലെ… തൊണ്ട ഇടറുന്നു …ശബ്ദം പുറത്തു വരുന്നില്ല.
തനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അനന്തൻ വീർപ്പുമുട്ടി. വ്യക്തമല്ലാത്ത
ഞെരക്കങ്ങൾ മാത്രം മുറിയിൽ തങ്ങി നിന്നു.ചുറ്റും ഇരുട്ട് മാത്രം .. ഞെട്ടലോടെ
അമ്മേ എന്നു ഉറക്കെ വിളിച്ചുകൊണ്ട് അനന്തൻ ചാടി എഴുന്നേറ്റു .
മുറിയിൽ വെളിച്ചം നിറഞ്ഞു. അനന്തന്റെ നിലവിളി കേട്ട് ഗാഢ
നിദ്രയിലായിരുന്ന ഉമ പോലും ഉണരുകയായിരുന്നു. എന്താ നന്ദേട്ടാ …എന്തുപറ്റി ?.
അമ്മ… അമ്മ എവിടെ ?. നീ എപ്പോൾ വന്നു?. അനന്തന്റെ പരിഭ്രാന്തി കണ്ടു
ഒന്നും തന്നെ മനസിലാകാതെ ഉമ നിന്നു . അമ്മയോ… ?. ഇന്നലെ അല്ലെ നമ്മൾ
അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടാക്കിയത്.നന്ദേട്ടൻ സ്വപ്നം കണ്ടതാ..”ഉമ
അനന്തനെ സമാധാനപ്പെടുത്താൻ ശ്രമിച്ചു. സ്വപ്നം… അതെ. ഞാൻ അമ്മയെ
സ്വപ്നം കണ്ടു. പക്ഷെ, സ്വപ്നം ആയിരുന്നെങ്കിലും എനിക്ക് ഇപ്പോൾ
കുറ്റബോധം തോന്നുന്നു ഉമേ… സ്വപ്നത്തിലൂടെ ആണെങ്കിലും എന്റെ അമ്മ
എന്റെ മനസ്സിന്റെ അന്ധത അകറ്റി. എനിക്ക് എന്തെങ്കിലും ഒന്ന് ആയാൽ എന്റെ
അമ്മ മാത്രമേ ഉണ്ടാകു. നാളെ തന്നെ അമ്മെ കൂട്ടികൊണ്ടു വരണം .
തീരുമാനിച്ചുറപ്പിച്ചതുപോലെ അനന്തൻ പറഞ്ഞു.
നന്ദേട്ടൻ എന്താ ഈ പറയുന്നത്? രണ്ടു മാസത്തെ തുക അഡ്വാൻസ്
അടച്ചിട്ടല്ലേ നമ്മൾ അമ്മെ അവിടെ ആക്കിയത് . അതും ഒരു ദിവസം മാത്രമേ
ആയിട്ടുള്ളു. എന്നിട്ടു നാളെ ചെന്ന് തിരിച്ചു കൊണ്ട് വരണം എന്നു പറഞ്ഞാൽ
കെട്ടി വച്ച തുക നഷ്ടമാവില്ലേ? താല്പര്യം ലേശം ഇല്ലാത്ത മട്ടിൽ ഉമ പറഞ്ഞു.
തുക… ഹും… പണത്തിലും പദവിയിലും എന്തു കാര്യം ഉമേ ? നാളെ നമ്മുടെ
അവസ്ഥയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കില്ലേ.
അതുകൊണ്ടു ഞാൻ ഉറപ്പിച്ചു നാളെ തന്നെ ഞാൻ അമ്മയെ കൂട്ടിക്കൊണ്ടു വരും . ഇഷ്ടം പോലെ ചെയ്‌തോളൂ എന്നുപറഞ്ഞു ഉമ കിടന്നു .താൻ അമ്മയോട് ചെയ്ത ഓരോ അവഗണനകളും ചെറുപ്പത്തിൽ തന്നോട് കാണിച്ച വാത്സല്യത്തിന്റെ ഓർമകളും അനന്തന്റെ ചിന്തകളെ കാർന്നു തിന്നുന്നുണ്ടായിരുന്നു . എങ്ങനെയൊക്കയോ നേരം വെളുപ്പിച്ചു എന്നുതന്നെ പറയാം .
ഉമയെ കൂട്ടാൻ നിന്നാൽ പോകൽ നടക്കില്ല എന്നു അറിയാവുന്നതു കൊണ്ടാവണം അനന്തൻ തനിയെ ആണ് കാർ ഓടിച്ചു പോയത് . എങ്ങനെയും അങ്ങ് എത്തണം , അമ്മയോട് മാപ്പു പറയണം . കാലുപിടിച്ചായാലും തിരികെ
കൂട്ടണം . ഈ വക ചിന്തകൾ കടന്നു പോയതുകൊണ്ടാവണം ശരണാലയം എത്തിയത് പെട്ടെന്നായിരുന്നു .ആദ്യം ഓടിയത് ശരണാലയത്തിന്റെ ഓഫീസിലേക്കായിരുന്നു.എന്റെ പേര് അനന്തൻ, ഞാൻ സുഭദ്രാമ്മയുടെ മകൻ ആണ് .എനിക്ക് അമ്മയെ തിരിച്ചു കൊണ്ടുപോകണം . കെട്ടിവെച്ച തുക നഷ്ടമായാലും കുഴപ്പമില്ല . അനന്തൻ പറഞ്ഞു തീർത്തു .
വളരെ വിരളമായിട്ടേ മക്കൾ അച്ഛനെയും അമ്മയെയും കാണാൻ പോലും വരാറുള്ളൂ . അങ്ങനെയിരിക്കെ ഒരു മകൻ തന്റെ അമ്മയെ തിരികെ കൊണ്ടുപോകാൻ വന്നതിൽ അവർക്കു സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു . അനന്തനെയും കൂട്ടി വാർഡൻ സുഭദ്രാമ്മയുടെ അടുത്തേക്ക് പോയി . സുഭദ്രാമ്മ നല്ല ഉറക്കത്തിലായിരുന്നു . “ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല . രാത്രി മുഴുവൻ മകന്റെ കാര്യം ഓർത്തു കരയുകയായിരുന്നു “. കൂടെ താമസിക്കുന്ന രാധാമണി അമ്മ പറഞ്ഞു . “ആ അമ്മയെയും മക്കൾ ഉപേക്ഷിച്ചതാണ്”. “അമ്മെ… അമ്മെ… അമ്മേടെ അനന്തനാണ് വന്നിരിക്കുന്നത് . അമ്മെ കൂട്ടിക്കൊണ്ടുപോകാനാ ഞാൻ വന്നെ.. അമ്മേടെ കുട്ടി അമ്മെ ഇനി ഒരിക്കലും തനിച്ചാക്കില്ല . അമ്മെ …” . നിരന്തരമായി അനന്തൻ വിളിച്ചിട്ടും സുഭദ്രാമ്മ കണ്ണ് തുറന്നില്ല . തന്റെ മകനെ ഓർത്തു കരഞ്ഞു ആ ‘അമ്മ യാത്രയായി . തന്റെ തെറ്റ് മനസ്സിലാക്കി തിരിച്ചു കൊണ്ടുപോകാൻ വന്ന മകന് പകരമായി കിട്ടിയത് തണുത്തു വിറങ്ങലിച്ച ശരീരം മാത്രമായിരുന്നു .
” ഞാൻ ആണ്…! ഞാൻ ആണ്..! എന്റെ അമ്മയെ കൊന്നത് … എന്നെ ഓർത്തു ആണ് എൻറെ ‘അമ്മ പോയത് ” വിറങ്ങലിച്ച അമ്മയെ മാറോടണച്ചു അനന്തൻ പൊട്ടിക്കരഞ്ഞു . ഇനി എന്ത് ഫലം .നാല് ചുവരുകൾക്കുള്ളിൽ തന്റെ മക്കളെ ഒരു നോക്കെങ്കിലും കണ്ടാൽ മതിയെന്ന് കരുതി കഴിയുന്ന എത്രയോ മാതാപിതാക്കളിൽ ഒരാൾ മാത്രമാണ് സുഭദ്രാമ്മ . നിറകണ്ണുകളോടെ രാധാമണി പറഞ്ഞു .
(വര്ഷങ്ങള്ക്കു ശേഷം)
ഇന്ന് അനന്തന് ഒരുപാട് അമ്മമ്മാരുണ്ട് … അച്ചന്മാരും . മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെ അനന്തൻ ഏറ്റെടുത്തു സംരക്ഷിക്കുന്നു . നഷ്ടപ്പെട്ടു പോയ തന്റെ അമ്മയുടെ ഓർമക്കായി തുടങ്ങിയ സ്നേഹ സധനം .

(NB: “ഒരു ആയുസ്സിന്റെ പകുതിയിലേറെയും നമുക്കായി മാറ്റി വെച്ച മാതാപിതാക്കന്മാർ … അവർക്കായി ഒരു നിമിഷം എങ്കിലും നമുക്ക് മാറ്റിവെക്കാനാവില്ലെ … നഷ്ടപ്പെട്ടതിനെയോർത്തു ദുഃഖിച്ചിട്ടെന്തു ഫലം”.)

(ശുഭം)

Related Articles

Back to top button