Uncategorized

അഗ്നിപഥ്: ഇന്ത്യൻ നാവികസേനയിൽ രജിസ്റ്റർ ചെയ്തത് 10 ലക്ഷത്തോളം ഉദ്യോഗാർഥികൾ

“Manju”

ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ ഇന്ത്യൻ നാവികസേനയിൽ 82,200 വനിതകൾ ഉൾപ്പെടെ 9.55 ലക്ഷം അപേക്ഷകർ റിക്രൂട്ട്മെന്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പദ്ധതി പ്രകാരം നേവിയിൽ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. അഗ്നിപഥ് സ്‌കീമിന് കീഴിൽ ഈ വർഷം ഏകദേശം 3,000 പേരെ റിക്രൂട്ട് ചെയ്യാനാണ് നാവികസേനയുടെ പദ്ധതി. ജൂലൈ ഒന്ന് മുതലാണ് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്.

അഗ്നിപഥ് പദ്ധതി ജൂൺ 14ന് ആണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. വിജ്ഞാപനം പ്രകാരം 17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യാനാണ് പദ്ധതി. അവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി നിലനിർത്താനും വ്യവസ്ഥയുണ്ട്. പിന്നീട് ഉയർന്ന പ്രായപരിധി 23 വയസ്സാക്കി ഉയർത്തി.

പദ്ധതി പ്രകാരം ഈ വർഷം 46,000 സൈനികരെ റിക്രൂട്ട് ചെയ്യാനാണ് സൈന്യത്തിലെ മൂന്ന് വിഭാഗങ്ങളും പദ്ധതിയിടുന്നത്. ഇങ്ങനെ റിക്രൂട്ട് ചെയ്യുന്ന യുവാക്കളെ ‘അഗ്‌നിവീർ’ എന്ന് വിളിക്കും. സൈനികരുടെ ശരാശരി പ്രായം കുറയ്‌ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രണ്ട് വർഷത്തിലേറെയായി കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് സ്തംഭിച്ചിരുന്നു.

Related Articles

Back to top button