IndiaLatest

പുതിയ കാര്‍ഷിക നിയമം നേട്ടമായി താങ്ങുവിലയേക്കാള്‍ കൂടിയ വിലയ്ക്ക് അരി വിറ്റ് കര്‍ഷകര്‍

“Manju”

സിന്ധുമോൾ. ആർ

റെയ്ച്ചൂര്‍: പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയ കര്‍ണാടകത്തില്‍ കര്‍ഷകര്‍ക്ക് വലിയ നേട്ടം നല്‍കി പുതിയ അരിവില്‍പ്പനക്കരാര്‍. കര്‍ഷകര്‍ക്ക് താങ്ങുവിലയേക്കാള്‍ മെച്ചപ്പെട്ട വില നല്‍കി ആയിരം ക്വിന്റല്‍ നെല്ലാണ് റിലയന്‍സ് റീട്ടൈല്‍ ലിമിറ്റഡ് വാങ്ങിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്നശേഷം കര്‍ണാടകത്തിലുണ്ടായ ഏറ്റവും വലിയ ഇടപാടാണിത്. ക്വിന്റലിന് 1950 രൂപയാണ് ഇവര്‍ നല്‍കിയ വില, താങ്ങുവിലയേക്കാള്‍ 82 രൂപ കൂടുതല്‍. ക്വിന്റലിന് 1868 രൂപയാണ് താങ്ങുവില.

കേന്ദ്രം കൊണ്ടുവന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റ് ആക്‌ട് കര്‍ണാടകം നടപ്പാക്കിയിരുന്നു. റെയ്ച്ചൂര്‍ ജില്ലയിലെ സിദ്ധനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നാണ് സോണാ മസൂരിയിനം അരി വാങ്ങാന്‍ റിലയന്‍സ് റിട്ടൈലും കര്‍ഷകരും കരാറായത്. റിലയന്‍സുമായി കരാര്‍ ഉണ്ടാക്കിയിട്ടുള്ള ഏജന്റുമാര്‍ രണ്ടാഴ്ച മുന്‍പ് എത്തി സ്വാസ്ഥ്യ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനിയുമായി (എസ്‌എഫ്പിസി) കരാര്‍ ഒപ്പിടുകയായിരുന്നു. എണ്ണവ്യാപാരം നടത്തുന്ന എസ്‌എഫ്പിസി അരി വില്‍പ്പനയിലേക്കും തിരിഞ്ഞിട്ടുണ്ട്. 1100 നെല്‍ കര്‍ഷകരാണ് സ്വാസ്ഥ്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. നെല്ലില്‍ ഈര്‍പ്പം 16 ശതമാനത്തില്‍ കുറവായിരിക്കണമെന്നാണ് വ്യവസ്ഥ.

ഒരോ നൂറു രൂപയുടെ ഇടപാടിനും കര്‍ഷകര്‍ ഒന്നര ശതമാനം കമ്മീഷനാണ് എസ്‌എഫ്പിസിക്ക് നല്‍കേണ്ടത്. ചാക്കിന്റെ വിലയും സിദ്ധനൂരിലെ ഗോഡൗണില്‍ എത്തിക്കാനുള്ള ചെലവും കര്‍ഷകര്‍ വഹിക്കണം. നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കും. തൃപ്തികരമെങ്കില്‍ റിലന്‍സ് റിട്ടൈലിന്റെ ഏജന്റുമാര്‍ എത്തി വാങ്ങും. ഗോഡൗണുകളിലായി ഇപ്പോള്‍ 500 ക്വിന്റല്‍ നെല്ല് സ്‌റ്റോക്കുണ്ട്. നെല്ല് വാങ്ങിയാലുടന്‍ റിലന്‍സ് പണം എസ്‌എഫ്പിസിക്ക് കൈമാറും. പണം അപ്പോള്‍ തന്നെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ഇടും, എസ്‌എഫ്പിസി എംഡി മ്ലികാര്‍ജുന്‍ വല്‍ക്കല്‍ദിന്നി പറഞ്ഞു.

നെല്ല് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കും. അതിനാല്‍ ചരക്കുനീക്കം സുതാര്യമാകും. കര്‍ഷകര്‍ക്ക് നിലവിലുള്ള മാണ്ഡികള്‍ വഴിയും ഉത്പന്നങ്ങള്‍ വില്‍ക്കാം. കൂടുതല്‍ മെച്ചപ്പെട്ട വില ലഭിക്കാന്‍ മണ്ഡിക്ക് പുറത്ത് മറ്റെവിടെ വേണമെങ്കിലും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പുതിയ നിയമം കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്നു. പുതിയ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട സ്ഥാപനമല്ല റിലയന്‍സ് റീട്ടൈല്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപസ്ഥാപനമായ ഇത് 2006ല്‍ സ്ഥാപിച്ചതാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടൈല്‍ സ്ഥാപനമാണിത്. ഒന്നര ലക്ഷത്തോളം ജീവനക്കാരാണ് റിലയന്‍സ് റീട്ടൈലിലുള്ളത്. 1,62,936 കോടി വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനത്തിന് രാജ്യമൊട്ടാകെ 11,784 സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഉള്ളത്. കര്‍ഷകരില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ക്ക് നേരത്തെ മുതല്‍ ഏജന്റുമാരുണ്ട്. കര്‍ഷക സമരത്തിന്റെ പേരില്‍ റിലയന്‍സിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ റിലന്‍സ് റീട്ടൈല്‍ തങ്ങളുടെ ഏജന്റുമാര്‍ കര്‍ഷകരില്‍ നിന്ന് മെച്ചപ്പെട്ട വിലയ്ക്കു മാത്രമേ ഉത്പന്നങ്ങള്‍ വാങ്ങാവൂയെന്ന് ഉത്തരവിറക്കിയിരുന്നു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് മറ്റൊരു സ്ഥാപനവുമില്ലെന്നും കരാര്‍ കൃഷിക്ക് തങ്ങളില്ലെന്നും റിലയന്‍സ് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button