IndiaKeralaLatest

സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിപ്പ് ഡല്‍ഹിയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ അഞ്ച് പേരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലിസിലെ സൈബര്‍ സെല്‍ വിഭാഗമാണ് തൊഴില്‍ത്തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്നത്. വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായവരുടെ 49 ലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ട് പോലിസ് മരവിപ്പിച്ചു. കൂടാതെ മൂന്ന് ലാപ്‌ടോപ്പ്, ഏഴ് ടെലഫോണുകള്‍ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇവര്‍ 27,000 പേരില്‍ നിന്നായി 1.09 കോടി രൂപ തട്ടിച്ചതായാണ് പ്രാഥമിക വിവരം.

സ്വസ്ഥ അവാം ജന്‍കന്യാന്‍ സന്‍സ്ത, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്ന പേരിലുള്ള വ്യാജ വെബ്‌സൈറ്റ് വഴി തന്റെ പണം നഷ്ടപ്പെട്ടെന്ന ഒരാളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. സര്‍ക്കാര്‍ വെബ്‌സൈറ്റാണെന്ന വിശ്വാസത്തില്‍ അവര്‍ ആവശ്യപ്പെട്ട ഓണ്‍ലൈന്‍ ഫീസും പരാതിക്കാരന്‍ അടച്ചിരുന്നു. പക്ഷേ, തുടര്‍നടപടികള്‍ കാണാതായതിനെ തുടര്‍ന്നാണ് പോലിസിനെ അറിയിച്ചത്.

പ്രാഥമിക അന്വേഷണത്തിനു ശേഷം പോലിസ് വഞ്ചനയ്ക്കും കൃത്രിമ രേഖയുണ്ടാക്കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലിസിന്റെ അന്വേഷണത്തില്‍ ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമായി. ആയിരക്കണക്കിനു പേരെ വെബ്‌സൈറ്റ് വഴി വഞ്ചിക്കുന്നതായി പോലിസ് വേഗം തന്നെ തിരിച്ചറിഞ്ഞു. മാത്രമല്ല, എടിഎമ്മില്‍ നിന്ന് പണം തട്ടുന്നതായും തിരിച്ചറിഞ്ഞു. പ്രതികള്‍ ഇതുവരെ 15 ലക്ഷം എസ്‌എംഎസ്സുകള്‍ അയച്ചുകഴിഞ്ഞു. അതുവഴിയാണ് തട്ടിപ്പിനിയായവരെ തിരിച്ചറിഞ്ഞത്. അത് ഏകദേശം 27,000 വരും.

യുഡിസി, എല്‍ഡിസി, എഎന്‍എം, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഓരോ ഉദ്യോഗാര്‍ത്ഥിയും 400 മുതല്‍ 500 രൂപവരെയാണ് അടയേ്ക്കണ്ടത്. സംഘത്തില്‍ പെട്ട അമന്‍ ഖട്കരി എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിനിടയിലാണ് പോലിസിന്റെ വലയിലായത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ മറ്റുള്ളവരും അറസ്റ്റിലായി. രാംധാരി, അമന്‍ദീപ് ഖട്ക്കരി, സുരേന്ദര്‍ സിങ്, സന്ദീപ്, ജോഗിന്ദര്‍ സിങ് തുടങ്ങിയവരാണ് അറസ്റ്റിലായത്. 50 വയസ്സുള്ള രാംധാരിയാണ് സംഘത്തലവനെന്നാണ് കരുതുന്നത്. ഇയാള്‍ ഡല്‍ഹിയില്‍ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം നടത്തുകയാണ്.

Related Articles

Back to top button