Uncategorized

ഇന്ത്യ-ന്യൂസിലന്റ് രണ്ടാം ഏകദിനം ഇന്ന്

“Manju”

റായ്പുര്‍: ന്യൂസിലന്റിനെതിരായ പരമ്പര ലക്ഷ്യമിട്ട് രണ്ടാം ഏകദിനത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ഛത്തിസ്ഗഢിലെ റായ്പുര്‍ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഈ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മത്സരം കൂടിയാണിത്. ഉച്ചക്ക് 1.30-നാണ് മത്സരം. ഒന്നാം ഏകദിനത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ 349 റണ്‍സ് എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും 12 റണ്‍സിന് മാത്രമാണ് ഇന്ത്യ വിജയിച്ചത്. അനായാസം വിജയിക്കുമെന്ന കാണികളുടെ പ്രതീക്ഷയ്‌ക്ക് പ്രഹരമായത് മൈക്കല്‍ ബ്രേസ് വെല്ലിന്റെ കൂറ്റനടിയാണ്.

കഴിഞ്ഞ കളികളിലേത് പോലെ തന്നെ ഗില്‍ മികച്ച ഫോം തുടരുമെന്നാണ് പ്രതീക്ഷ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‍ലി, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിര ശക്തമാണ്. എന്നാല്‍ ഇന്ത്യയുടെ ബൗളിംഗ് നിര കരുത്തില്‍ ലേശം പിറകിലാണ്. മുഹമ്മദ് സിറാജ് ആണ് നിലവില്‍ ഇന്ത്യന്‍ ബൗളര്‍ കരുത്ത്. ഉമ്രാന്‍ മാലിക്കിന് പകരം കഴിഞ്ഞ മത്സരം കളിച്ച ശാര്‍ദുല്‍ ഠാകുര്‍ രണ്ടു വിക്കറ്റ് നേടിയെങ്കിലും ഏറെ റണ്‍സ് വിട്ടു കൊടുത്തിരുന്നു.

എന്നാല്‍, ഉമ്രാന്‍ മാലിക്കിനേക്കാള്‍ ബാറ്റിംഗില്‍ തിളങ്ങാന്‍ ഠാകുറിന് സാധിക്കും. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ബോളിംഗ് മോശമല്ലാതെ ചെയ്യുന്നുണ്ട്. അധികം റണ്‍സ് വിട്ടു കൊടുക്കാതെയാണ് ഷമി കഴിഞ്ഞ കളിയില്‍ ബോള്‍ ചെയ്തത്. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴ് ഓവറില്‍ 50 റണ്‍സാണ് ആദ്യ ഏകദിനത്തില്‍ വിട്ടുകൊടുത്തത്. ബ്രേസ് വെല്ലും മിച്ചല്‍ സാന്റ്നറും ചേര്‍ന്നാണ് കിവീസിനെ ആദ്യ ഏകദിനത്തില്‍ മികച്ച ചേസിങ്ങിന് സഹായിച്ചത്.

Related Articles

Back to top button