IndiaKeralaLatest

ദീപാവലി ആഘോഷം നിയന്ത്രിത അനുമതി മാത്രം

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ദീപാവലി ദിവസം സംസ്ഥാനത്ത് പടക്കംപൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ മാത്രം അനുമതി. രാത്രി എട്ടുമുതല്‍ പത്തുവരെ മാത്രമാണ് അനുമതി നല്‍കിയിട്ടുളളത്. ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.

ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതല്‍ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാന്‍ അനുമതി നല്‍കിയിട്ടുളളത്. ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മ്മിക്കുന്നവയാണ് ഹരിത പടക്കങ്ങള്‍. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇത്തരം പടക്കങ്ങള്‍ വികിസിപ്പിച്ചെടുത്തത്. സാധാരണ പടക്കങ്ങളെക്കാള്‍ ഇവയുടെ വായുമലിനീകരണത്തോത് മുപ്പതുശതമാനം കുറവാണ്. ജനപ്രിയ ഐറ്റങ്ങളില്‍ ഇവ ലഭ്യമാണുതാനും.

കൊവിഡിന്റെയും വായുമലിനീകരണത്തിന്റെയും പശ്ചാത്തലത്തില്‍ പടക്കംപൊട്ടിക്കുന്നതിന് ഡല്‍ഹി, രാജസ്ഥാന്‍, ഒഡീഷ സംസ്ഥാനങ്ങള്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ദീപാവലിക്ക് പടക്കംപൊട്ടിക്കുന്നത് പൂര്‍ണമായി നിരോധിക്കാന്‍ തീരുമാനിച്ച കര്‍ണാടകം കഴിഞ്ഞദിവസം ഇതില്‍ അല്പം ഇളവുവരുത്തി ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരും ജനങ്ങളാേട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Related Articles

Back to top button