AlappuzhaKeralaLatest

വാഗ്ദാനങ്ങൾ പാലിച്ചില്ല, രജനിയും പോരാട്ടത്തിന്

“Manju”

ആലപ്പുഴ: ക്യാൻസർ ഇല്ലാതെ ചികിത്സയ്ക്ക് വിധേയയായ ആലപ്പുഴ സ്വദേശിനി രജനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് രജനിയുടെ തീരുമാനം. പത്ത് ലക്ഷം നഷ്ടപരിഹാരം ഉൾപ്പെടെ സർക്കാർ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കാത്തതിനെതിരെ കൂടിയാണ് രജനിയുടെ പോരാട്ടം.

കാൻസറില്ലാത്ത യുവതിക്ക് കാൻസർ ചികിത്സയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു രജനി കോട്ടയം മെഡിക്കൽ കോളെജിൽ ചികിൽസ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളെജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദ്ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.

വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തി. കാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

Related Articles

Back to top button