KeralaLatestThrissur

പഴങ്ങള്‍ കൊടുത്താല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വാങ്ങാം

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയുടെ ഭക്ഷ്യ സംസ്‌കരണശാലയില്‍ പഴങ്ങള്‍ കൊണ്ടു വന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്ന പദ്ധതിക്ക് ആവശ്യക്കാരേറെ. ജനങ്ങള്‍ എത്തിക്കുന്ന ഭക്ഷ്യ ഇനങ്ങള്‍ സംസ്‌കരിച്ച്‌ നല്‍കുകയാണ് ഇവിടെ. ചക്ക, മാമ്പഴം, ഇഞ്ചി, ജാതിതൊണ്ട്, നേന്ത്രക്കായ, ചെറുപഴം തുടങ്ങിയ ഭക്ഷ്യ ഇനങ്ങളില്‍ നിന്നുമാണ് അവയുടെ മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്.

സര്‍വകലാശാലയുടെ കോമണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഭാഗമാണ് ഈ ഭക്ഷ്യ സംസ്‌കരണശാല. പഴമോ പച്ചക്കറിയോ ഇവിടെ എത്തിക്കാം. ഇതില്‍ നിന്നും എന്തെല്ലാം ഇനങ്ങളാണ് വേണ്ടതെന്ന് അറിയിക്കുക. ഇവ തയ്യാറാക്കുന്നതിന് വേണ്ട ചേരുവകളുടെ വിലയും കൂലിയും മാത്രം നല്‍കിയാല്‍ മതി. സാധാരണയായി പഴങ്ങളുടെയും പച്ചക്കറികളുടെയും സീസണുകളില്‍ ഉത്പാദനം കൂടുതലാവുന്ന സാഹചര്യത്തില്‍ കൂടുതലായി വിപണിയിലേക്ക് എത്തുകയും കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കാതെ വരികയും ചെയ്യാറുണ്ട്. ഇവ കൂടുതല്‍ കാലം സംഭരിച്ചു വയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഇതിന് പരിഹാരം എന്ന രീതിയിലാണ് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ സഹായിക്കുക എന്ന ആശയം ഉടലെടുത്തത്.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാനുള്ള നൈപുണ്യം, അതിനാവശ്യമുള്ള യന്ത്ര സംവിധാനങ്ങള്‍ക്കുള്ള വന്‍ മുതല്‍മുടക്ക് എന്നിവ കര്‍ഷകര്‍ക്ക് മേല്‍ ഒരു ഭാരമായി വരാതെ അവരെ സഹായിക്കുക എന്ന ലക്ഷ്യം ഈ ഭക്ഷ്യ സംസ്‌കരണ ശാലയെ കോമണ്‍ ഫെസിലിറ്റി സെന്ററാക്കി മാറ്റാനുള്ള കാരണമായി. കുറഞ്ഞത് പത്ത് കിലോഗ്രാമെങ്കിലും പഴം / പച്ചക്കറി ഉപഭോക്താവ് കൊണ്ടുവരേണ്ടതാണ്. കര്‍ഷകര്‍ക്ക് താല്‍പര്യമുള്ള ഉല്‍പ്പന്നമോ, അസംസ്‌കൃത വസ്തുവിന്റെ ഗുണനിലവാരം അനുസരിച്ചുള്ള വിപണന സാധ്യതയുള്ള ഏതെങ്കിലും ഉല്‍പന്നമോ ആയി തയ്യാറാക്കി നല്‍കുന്നു.

മുന്‍ഗണനാക്രമം അനുസരിച്ചാണ് ഉപഭോക്താക്കളുടെ പഴം പച്ചക്കറികള്‍ സംസ്‌കരണത്തിനായി സ്വീകരിക്കുന്നത്. ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന പഴം പച്ചക്കറികളില്‍ ഉണ്ടാകുന്ന കേടുപാടുകള്‍, സംസ്‌കരണ വിധേയമല്ലാത്ത ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്തതിനു ശേഷം സംസ്‌കരണത്തിന് അനുയോജ്യമായ ഭാഗങ്ങള്‍ മാത്രമേ ഉല്‍പ്പന്ന നിര്‍മ്മാണത്തിന് സ്വീകരിക്കുകയുള്ളൂ. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം പാക്ക് ചെയ്യാനുള്ള വസ്തുക്കള്‍ കര്‍ഷകര്‍ നല്‍കിയാല്‍ അതില്‍ പാക്ക് ചെയ്തു നല്‍കുന്നു. ഉല്‍പ്പന്നത്തിന്റെ വിപണന ചുമതല ഉടമസ്ഥനായിരിക്കും.

Related Articles

Back to top button