IndiaLatest

ഐഎസ്‌ആര്‍ഒ കുട്ടികള്‍ക്കായി ‘യംഗ് സയന്റിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

“Manju”

ന്യൂഡല്‍ഹി: ഇന്‍ഡ്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ISRO) സ്‌കൂള്‍ കുട്ടികള്‍ക്കായി ‘യംഗ് സയന്റിസ്റ്റ് പ്രോഗ്രാം’ (യുവ വിജ്ഞാനി കാര്യക്രം – യുവിക) എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ഇന്‍ഡ്യയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്‌കൂളില്‍ 2022 മാര്‍ച്ച് ഒന്ന് പ്രകാരം ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന രാജ്യത്തുടനീളമുള്ള 150 വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കും. വേനല്‍ക്കാല അവധി ദിവസങ്ങളില്‍ (2022 മെയ് 16-28) രണ്ടാഴ്ചയാണ് പര്യാപടി. പ്രമുഖ ശാസ്ത്രജ്ഞരുടെ അനുഭവം പങ്കിടല്‍, പരീക്ഷണാത്മക പ്രദര്‍ശനം, ലാബ് സന്ദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍ക്കുള്ള പ്രത്യേക സെഷനുകള്‍ തുടങ്ങിയവ ഉള്‍പെടുന്നു.

പുതുതലമുറയില്‍ ശാസ്ത്ര-സാങ്കേതിക രംഗത്തെ ഉയര്‍ന്നുവരുന്ന പ്രവണതകളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.

യോഗ്യത
1. എട്ടാം ക്ലാസ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്.
2. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സയന്‍സ് ഫെയറില്‍ (സ്കൂള്‍ / ജില്ല / സംസ്ഥാനം, അതിനു മുകളിലുള്ള തലം. സ്കൂള്‍ / ജില്ല / സംസ്ഥാന / കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റി സംഘടിപ്പിച്ചതാകണം) പങ്കാളിത്തം.
3. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഒളിമ്പ്യാഡ് / സയന്‍സ് മത്സരങ്ങളിലെ സമ്മാനം, അല്ലെങ്കില്‍ തത്തുല്യം. (സ്കൂള്‍ / ജില്ല / സംസ്ഥാന, അതിന് മുകളിലുള്ള തലങ്ങളില്‍ ഒന്ന് മുതല്‍ മൂന്നാം സ്ഥാനം വരെ).
4. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സ്കൂള്‍/ ഗവ. / സ്ഥാപനങ്ങള്‍ / രജിസ്റ്റര്‍ ചെയ്ത സ്പോര്‍ട്സ് ഫെഡറേഷന്‍ നടത്തിയ കായിക മത്സരങ്ങളിലെ വിജയി. ഓണ്‍ലൈന്‍ ഗെയിമുകളിലെ വിജയിയെ പരിഗണിക്കില്ല.
5. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സ്‌കൗട് ആന്‍ഡ് ഗൈഡ്‌സ്/എന്‍സിസി/എന്‍എസ്‌എസ് അംഗം.
6. ഓണ്‍ലൈന്‍ ക്വിസിലെ പ്രകടനം.
7. പഞ്ചായത് പരിധിയിലുള്ള സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വെയിറ്റേജ് നല്‍കും.

ഓരോ സംസ്ഥാനം / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കുറഞ്ഞ പങ്കാളിത്തം ഉറപ്പാക്കും.  ഐഎസ്‌ആര്‍ഒയുടെ അഞ്ച് കേന്ദ്രങ്ങളിലായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (VSSC), തിരുവനന്തപുരം, യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ (URSC), ബെംഗ്ളുരു സ്പേസ് ആപ്ലികേഷന്‍ സെന്റര്‍ (SAC), അഹ്‌മദാബാദ്, നാഷനല്‍ റിമോട് സെന്‍സിംഗ് സെന്റര്‍ (NRSC), ഹൈദരാബാദ്, നോര്‍ത്-ഈസ്റ്റ് സ്പേസ് ആപ്ലികേഷന്‍ സെന്റര്‍ (NE-SAC) , ഷില്ലോങ്. അവസാനം, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകും.

മുഴുവന്‍ കോഴ്‌സ് സമയത്തും വിദ്യാര്‍ഥിയുടെ യാത്രയ്ക്കുള്ള ചെലവ് (സമീപമുള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരിപാടി സ്ഥലത്തേക്കും തിരിച്ചും ട്രെയിനില്‍ II എസി നിരക്ക്), കോഴ്‌സ് മെറ്റീരിയലുകള്‍, താമസം, ബോര്‍ഡിംഗ് മുതലായവ ഐഎസ്‌ആര്‍ഒ വഹിക്കും. ഒരു രക്ഷിതാവിന് II എസി ട്രെയിന്‍ നിരക്കും നല്‍കും.

രജിസ്ട്രേഷന്‍
യുവിക – 2022-ന്റെ രെജിസ്ട്രേഷന്‍ പ്രക്രിയയില്‍ നാല് ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് നാല് ഘട്ടങ്ങളും പൂര്‍ത്തിയാക്കണം. അപൂര്‍ണമായ അപേക്ഷ പരിഗണിക്കുന്നതല്ല.
ഘട്ടം 1: യുവിക- 2022-നുള്ള ഇ-മെയില്‍ രജിസ്‌ട്രേഷന്‍.
സ്റ്റെപ്പ് 2: ഇ-മെയില്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുക്കുക.
ഘട്ടം 3: ക്വിസ് സമര്‍പിച്ച്‌ 60 മിനിറ്റിന് ശേഷം YUVIKA പോര്‍ടല്‍ ലോഗിന്‍ ചെയ്ത് എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിക്കുക. ഓണ്‍ലൈന്‍ അപേക്ഷാ ഫോം സമര്‍പിക്കുക, സമര്‍പിച്ച ഫോം ഡൗണ്‍ലോഡ് ചെയ്യുക.
സ്റ്റെപ്പ് 4: രജിസ്ട്രേഷന്റെ അവസാന തീയതിക്ക് മുമ്പ് ഒപ്പിട്ട പകര്‍പും ആവശ്യമായ എല്ലാ സര്‍ട്ടിഫികറ്റുകളും അപ്ലോഡ് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: yuvika(at)isro(dot)gov(dot)in-ലേക്ക് മെയില്‍ ചെയ്യുക.
വെബ്‌സൈറ്റ്: www(dot)isro(dot)gov(dot)in
പ്രധാനപ്പെട്ട തീയതികള്‍:
രജിസ്ട്രേഷന്‍ അവസാനിക്കുന്നത്: ഏപ്രില്‍ 10, 2022, വൈകീട്ട് നാല് മണി.
താല്‍കാലിക സെലക്ഷന്‍ ലിസ്റ്റിന്റെ പ്രഖ്യാപനം: ഏപ്രില്‍ 20, 2022
യുവിക 2022 പ്രോഗ്രാം: മെയ് 16-28, 2022.

Related Articles

Back to top button