KeralaLatest

പ്രചരിക്കുന്ന അപവാദങ്ങള്‍ക്കെതിരെ വൈക്കം വിജയലക്ഷ്മിയുടെ പിതാവ് രംഗത്ത്

“Manju”

കോട്ടയം : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗായിക വൈക്കം വിജയലക്ഷ്മിയെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ദു:ഖവും നിരാശയും നിറഞ്ഞ ചില ചിത്രങ്ങളും പോസ്റ്റുകളും ഗായിക പങ്കുവച്ചതോടെയാണ് ചർച്ചകളുടെ തുടക്കം. കുറച്ചു കാലമായി വിജയലക്ഷ്മിയെ സംഗീതലോകത്ത് മുഖ്യധാരയിലേയ്ക്കു കാണാത്തത് ആരാധകരെ ആകുലപ്പെടുത്തിയിരുന്നു. പിന്നാലെ ഗായികയുടെ നിരാശ നിഴലിക്കുന്ന പോസ്റ്റുകൾ കൂടി‌ വ്യാപകമായതോടെ ആ ആകുലതകൾക്ക് ആക്കം കൂടി.

ഗായികയ്ക്കെന്താണു സംഭവിച്ചതെന്നും എന്തെങ്കില‌ും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നും അതോ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടോ എന്നും തുടങ്ങി ചർച്ചകള്‍ ചൂടുപിടിച്ചു. ‘ഗായിക വൈക്കം വിജയലക്ഷ്മി വിവാഹമോചനത്തിലേയ്ക്കോ?’ എന്നിങ്ങനെ ആകാംക്ഷ ജനിപ്പിക്കുന്ന പല തലക്കെട്ടുകളും നൽകി ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചു. ഇത് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയു പലരും തെറ്റിദ്ധരിക്കുകയുമുണ്ടായി.

ഇപ്പോഴിതാ വിജയലക്ഷ്മിയുടെ പിതാവ് വി മുരളീധരൻ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ..
‘മകൾക്കു യാതൊരു പ്രശ്നങ്ങളുമില്ല. ഇവിടെ വൈക്കത്ത് വീട്ടിൽ സുഖമായിരിക്കുന്നു. കോവിഡും തുടർന്നുള്ള ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം സംഗീതപരിപാടികൾ ഒന്നും നടക്കുന്നില്ലല്ലോ. അതുകൊണ്ടാണ് ഇപ്പോൾ മകളെ മുഖ്യധാരയിലേയ്ക്കു കാണാത്തത്. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. സമൂഹമാധ്യമങ്ങളിൽ വെറുതെ മറ്റാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായതു കൊണ്ടു മാത്രമാണ് ഇപ്പോൾ മറ്റുള്ളവർക്കു മുന്നിൽ എത്താത്തത്. അല്ലാതെ മറ്റു വിഷയങ്ങളൊന്നും തന്നെയില്ല. വീട്ടിൽ സന്തോഷത്തോടെയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന ഈ ചർച്ചകൾ അനാവശ്യമാണ്’. അദ്ദേഹം പറഞ്ഞു

‘സെല്ലുലോയിഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഈ പാട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷം ഇറങ്ങിയ ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ എന്ന പാട്ടിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരവും ലഭിച്ചു. കഴിഞ്ഞ വർഷം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ‘കണ്ടോ കണ്ടോ ഇന്നോളം’ എന്ന ഗാനം ആലപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മിമിക്രി കലാകാരനായ അനൂപ് ആണ് വിജയലക്ഷ്മിയുടെ ഭർത്താവ്. ഇദ്ദേഹം ഇന്റീരിയർ ഡിസൈനർ കൂടിയാണ്. 2018 ഒക്ടോബർ 22നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സംഗീതം ഉപേക്ഷിക്കണമെന്ന് പറഞ്ഞതിനാല്‍ ആദ്യം നിശ്ചയിച്ച വിവാഹത്തിൽ നിന്നും വിജയലക്ഷ്മി പിന്മാറിയിരുന്നു. രണ്ടു പേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജിവിതം മുന്നോട്ട് നയിക്കാമെന്ന പ്രതീക്ഷയുണ്ടെന്നു പറഞ്ഞാണ് വിജയലക്ഷ്മി അനൂപുമായുള്ള വിവാഹത്തിനു തയ്യാറായത്. സംഗീതജീവിതത്തിൽ പൂർണ പിന്തുണയുമായി മാതാവ് വിമലയും വിജയലക്ഷ്മിയ്ക്കൊപ്പമുണ്ട്.

Related Articles

Back to top button