സിന്ധുമോൾ. ആർ
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ സമയം തിങ്കളാഴ്ച മുതല്‍ പുനഃക്രമീകരിക്കുന്നു. ആദ്യം പൊതുപരീക്ഷ നടക്കുന്ന 10, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിയാണ് പുതിയ ക്രമീകരണം.
പുതുക്കിയ ടൈംടേബിള്‍ അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസും, 10ന് അഞ്ചു ക്ലാസും ഉണ്ടാകും. നാലു മുതല്‍ ആറു വരെ നാലു ക്ലാസാണ് പ്ലസ് ടുവിന് വൈകീട്ട് അധികമായി സംപ്രേഷണം ചെയ്യുന്നത്. ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ചു ക്ലാസില്‍ കൂടുതല്‍ ഉണ്ടാവില്ല. പ്ലസ്വണിന് നിലവിലുള്ളതുപോലെ രാവിലെ 11 മുതല്‍ 12 വരെ രണ്ടു ക്ലാസ് ഉണ്ടാകും. 10-ാം ക്ലാസിന് രാവിലെ 9.30 മുതല്‍ 11 വരെയുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകീട്ട് മൂന്നു മുതല്‍ നാലു വരെ രണ്ടു ക്ലാസ് കൂടി അധികം ഉണ്ടാവും.
ഉച്ചക്ക് രണ്ടിനും 2.30നുമായി എട്ട്, ഒമ്പത് ക്ലാസുകള്‍ക്ക് ഓരോ ക്ലാസുണ്ടാകും. ചൊവ്വ ഒഴികെ ദിവസങ്ങളില്‍ ഉച്ചക്ക് 1.30നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധന്‍ (ഒരു മണി), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് ഒന്നിനും ക്ലാസുണ്ടാകും. നാലാം ക്ലാസിന് തിങ്കള്‍ (1.00), ബുധന്‍ (12.30), വെള്ളി (12.00) ദിവസങ്ങളിലും മൂന്നാം ക്ലാസിന് തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 12.30നും ആയിരിക്കും. ഒന്നാം ക്ലാസിന് തിങ്കളും ബുധനും രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും ഉച്ചക്ക് 12നും ആയിരിക്കും ക്ലാസ്.